തിരുവനന്തപുരം: ടൂറിസം വകുപ്പിൽ പീഡന പരാതികൾ അവഗണിക്കുന്നതും പരാതിക്കാർ വേട്ടയാടപ്പെടുന്നതും തുടർക്കഥ. പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നനിലയിലാണ് അധികൃതരുടെ നടപടികളെന്നും ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഒടുവിൽ ടൂറിസം ഡയറക്ടർ കൃഷ്ണ തേജ പുറത്തിറക്കിയ ഉത്തരവും ഇതിനുദാഹരണം. ഇത് വിവാദമാകുകയും സാമൂഹമാധ്യമങ്ങളിലൂടെ പ്രതികരണങ്ങളുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ ഉത്തരവ് റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള പരാതികൾ നൽകാൻ ടൂറിസം വകുപ്പിലെ വനിതാ ജീവനക്കാർ ഭയപ്പെടുന്ന സാഹചര്യമാണ് ഇതു സൃഷ്ടിച്ചിട്ടുള്ളത്.
ചില ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വനിതാ ജീവനക്കാർ പീഡന പരാതികൾ ഉന്നയിക്കാറുണ്ടെങ്കിലും അതിന്മേൽ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നതാണ് സത്യം. പേരിന് സമിതിയെ വെക്കുകയും ഒടുവിൽ സർവിസ് സംഘടനകൾ ഉൾപ്പെടെ ഇടപെട്ട് പരാതി പിൻവലിപ്പിക്കുകയോ അല്ലെങ്കിൽ പ്രതിസ്ഥാനത്തുള്ള വ്യക്തിക്ക് അനുകൂലമായി റിപ്പോർട്ട് തയാറാക്കുകയുമാണ് തുടരുന്ന രീതി.
ടൂറിസം വകുപ്പിലെ കോഴിക്കോട് ജില്ലയിലെ പ്രധാന സ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥൻ നേരത്തേ ഇത്തരം പീഡനക്കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇയാളെ സ്ഥാനക്കയറ്റത്തിന് പരിഗണിച്ചപ്പോൾ ഉദ്യാഗസ്ഥനെതിരായ കേസ് ചൂണ്ടിക്കാട്ടി പരാതിക്കാരി ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ആ പരാതി അപ്പാടെ അവഗണിച്ച് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ സുപ്രധാന തസ്തികയിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് ഡയറക്ടറേറ്റിൽനിന്നുണ്ടായത്.
കാസർകോട്ട് മറ്റൊരുദ്യോഗസ്ഥനെതിരെ കരാർ ജീവനക്കാരി പീഡനപരാതി നൽകിയത് ഒമ്പതു മാസം മുക്കിവെച്ചു. ഒടുവിൽ മാധ്യമ ഇടപെടലുകളെ തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. എന്നാൽ, ആ ഉദ്യോഗസ്ഥന് അനുകൂലമായ റിപ്പോർട്ടാണ് പണിപ്പുരയിലുള്ളതെന്നും ആക്ഷേപമുണ്ട്. പരാതി നൽകിയതിന്‍റെ പേരിൽ വനിതാജീവനക്കാരിക്ക് ഇപ്പോഴും നേരിടേണ്ടിവരുന്നത് കടുത്ത പീഡനമാണ്. ഈ വനിതയുടെ കരാർ വർഷം തോറും പുതുക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അത് റദ്ദാക്കി മാസാമാസം പുതുക്കുന്ന നിലയിലേക്കാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.