ശംഖുംമുഖം: വിമാനങ്ങളുടെ സ്ലോട്ട് നിര്‍ണയത്തിലെ അപാകത യാത്രക്കാരെ വലക്കുന്നു. സ്ലോട്ട് നിര്‍ണയ അപാകതമൂലം റീഷെഡ്യൂള്‍ ചെയ്യപ്പെടുന്ന വിമാനത്തിന്റെ സമയക്രമീകരണങ്ങളെക്കുറിച്ചും റീഷെഡ്യൂള്‍ ചെയ്യപ്പെടുന്ന വിമാനം പിന്നീട് ഇറങ്ങുന്ന സ്ഥലത്തെക്കുറിച്ചും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വിവരം നല്കാന് വിമാനക്കമ്പനികള്‍ ബുദ്ധിമുട്ടുന്നു. ഇതുകാരണം വിദേശത്തേക്ക് പോകാൻ മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് വിമാനം റീഷെഡ്യൂള്‍ ചെയ്യപ്പെടുന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പ് അറിയാന്‍ കഴിയാതെ പോകുന്നു.
പലപ്പോഴും റീഷെഡ്യൂള്‍ ചെയ്യുന്ന വിവരം വിമാനം പുറപ്പെടുന്നിന് മണിക്കൂറുകള്‍ക്കുമുമ്പാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. റീഷെഡ്യൂള്‍ വിവരങ്ങള്‍ പലപ്പോഴും വളരെ വൈകിയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അതിന്റെ മുറക്ക് യാത്രക്കാര്‍ക്ക് സന്ദേശം കൈമാറാന്‍ മാത്രമേ കഴിയൂവെന്നുമാണ് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത്. സ്ലോട്ട് നിര്‍ണയത്തിലെ അപാകതയാണ് ഇതിന് പിന്നിലെന്ന് എയര്‍ലൈന്‍ കമ്പനികൾ വിശദീകരിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.10ന് വിദേശത്തേക്ക് പറക്കേണ്ട എയര്‍ഇന്ത്യ വിമാനം റീഷെഡ്യൂള്‍ പ്രകാരം പുലര്‍ച്ച നാലിനാണ് പുറപ്പെട്ടത്. പലയാത്രക്കാര്‍ക്കും റീഷെഡ്യൂള്‍ ചെയ്യപ്പെടുന്ന വിവരം തലേന്ന് രാത്രിയിലാണ് കിട്ടിയത്. ചിലര്‍ക്ക് ഇത് ലഭിച്ചുമില്ല. ഇവർക്ക് യാത്ര മുടങ്ങി. കഴിഞ്ഞദിവസം കണ്ണൂരില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനം അവസാന നിമിഷം അബൂദബിയിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്ന് വിമാനം പുറപ്പെടുന്നത് വൈകുന്നത് കാരണമാണ് അബൂദബിയിലേക്ക് മാറ്റിയതെന്നാണ് എയര്‍ലെന്‍ കമ്പനി അധികൃതരുടെ വിശദീകരണം. അബൂദബിയില്‍ ഇറങ്ങിയ യാത്രക്കാര്‍ പിന്നീട് സ്വന്തം വാഹനങ്ങള്‍ വിളിച്ച് വരുത്തിയും ബസിലുമാണ് ഷാര്‍ജയില്‍ എത്തിയത്.
വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിനും ഉയരുന്നതിനുമുള്ള ദിവസ സമയ നിര്‍ണയ സ്ലോട്ട് വിമാനങ്ങള്‍ക്ക് നിര്‍ണയിച്ച് നല്‍കേണ്ടത് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ്. എന്നാല്‍ നിലവില്‍ രാജ്യത്ത് പുതിയ (ഗ്രീന്‍ഫീല്‍ഡ്)വിമാനത്താവളങ്ങളില്‍ അതത് വിമാനത്താവള കമ്പനികളും മറ്റിടങ്ങളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമാണ് സ്ലോട്ട് നിശ്ചയിച്ച് നല്‍കുന്നത്. ഇതിനെ ചൊല്ലി കേന്ദ്രവും വിമാനക്കമ്പനികളും തമ്മില്‍ നല്ല ബന്ധത്തിലല്ല. മുമ്പ് രാജ്യത്ത് കേന്ദ്രീകൃത സ്ലോട്ട് നിയന്ത്രണ സംവിധാനമുണ്ടായിരുന്നുവെങ്കിലും ഇടക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ ഇൗ രീതി തകിടം മറിച്ചു. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ കൂടി പ്രാവര്ത്തികമായതോടെയായിരുന്നു ഇൗ രീതികള്‍ മാറിമറിഞ്ഞത്. ഇതോടെ വിമാനങ്ങള്‍ ഇറങ്ങുന്നതും ഉയരുന്നതിനുമുള്ള സമയങ്ങള്‍ പലരും നിയന്ത്രിക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി. ഇതോടെ സ്ലോട്ട് ലഭ്യത വിവരങ്ങള്‍ തക്കസമയത്ത് വിമാനക്കമ്പനികള്‍ക്ക് കിട്ടാത്ത അവസ്ഥയും വന്നു. സ്ലോട്ടുകളിൽ ഏകീകൃതസ്വഭാവം വരുത്തതെ അവ ലേലത്തില്‍ െവക്കാനുള്ള രഹസ്യനീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. സ്ലോട്ട് നിര്‍ണ യത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ സുതാര്യമെല്ലന്നും സ്വതന്ത്ര സംവിധാനം വേണമെന്നുമാണ് അയാട്ടയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.