തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കഞ്ചാവ് പിടിച്ചെടുക്കുന്നതിലും ഫലപ്രദമായ നിയന്ത്രണ, നിര്‍വഹണ സംവിധാനത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് യു.എൻ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫിസിലെ (യു.എൻ ഒ.ഡി.സി) പ്രോഗ്രാം ഓഫിസര്‍ ബില്ലി ബാറ്റ് വെയര്‍ പറഞ്ഞു.
'ചില്‍ഡ്രന്‍ മാറ്റര്‍ -റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്' എന്ന പ്രമേയത്തില്‍ നടന്ന ത്രിദിന ആഗോള സമ്മേളനത്തിന്‍റെ സമാപനദിനത്തിലെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 2021ലെ ലോക ഡ്രഗ് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 വര്‍ഷത്തിനുള്ളില്‍ കഞ്ചാവിന്‍റെ ലഹരിശേഷി നാലിരട്ടിയായി വര്‍ധിച്ചെന്ന് ബാറ്റ് വെയര്‍ പറഞ്ഞു. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗം വേരോടെ പിഴുതെറിയുന്നതിന് യുവാക്കള്‍ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.
യുനൈറ്റഡ് നേഷന്‍സ് ഓഫിസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം (യു.എൻ ഒ.ഡി.സി), വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് (ഡബ്ല്യു.എഫ്.എ.ഡി) എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ (എഫ്.ഡബ്ല്യു.എഫ്) ആണ് സമ്മേളനം സംഘടിപ്പിച്ചത്. കുട്ടികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന് ബഹുമുഖ പങ്കാളിത്തം ആവശ്യമാണെന്ന് ഫെഡറല്‍ ബാങ്ക് ബോര്‍ഡ് ചെയര്‍മാന്‍ സി. ബാലഗോപാല്‍ പറഞ്ഞു.
മാധ്യമങ്ങളിലൂടെയുള്ള ലഹരിവസ്തുക്കളുടെ മഹത്വവത്കരണം സമൂഹത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് 'ഡിജിറ്റല്‍, ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം' എന്ന സെഷനില്‍ പ്രഭാഷകര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് മാനേജിങ് എഡിറ്റര്‍ മനോജ് കെ. ദാസ്, ദി ഇക്കണോമിക് ടൈംസ് മുന്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്റര്‍ ജോ എ സ്കറിയ, ന്യൂസ് 9 സ്പെഷല്‍ കറസ്പോണ്ടന്‍റ് ജിഷ സൂര്യ, സിനിമ സംവിധായകന്‍ പാര്‍ഥന്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു. ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ അഡ്വൈസറി ബോര്‍ഡ് മെംബര്‍ സ്വരൂപ് ബി.ആര്‍ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.