തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. മടിവാള പൊലീസാണ് വ്യാഴാഴ്ച രാത്രി 7.30ഓടെ സ്കാനിയ എ.സി ബസ് കസ്റ്റഡിയിലെടുത്തത്. സ്ഥലപരിചയമില്ലാത്ത യാത്രക്കാരിയെ കാത്ത് മടിവാള പൊലീസ് സ്റ്റേഷനുസമീപം ബസ് നിർത്തിയിട്ടതിൽ പ്രകോപിതരായാണ് ബസ് പിടിച്ചെടുത്തതെന്ന് ജീവനക്കാർ പറയുന്നു.
മഡിവാള സെന്റ് ജോൺസ് ആശുപത്രിക്കുമുന്നിൽനിന്ന് കയറേണ്ട യാത്രക്കാരിക്കുവേണ്ടിയാണ് ബസ് നിർത്തിയിട്ടത്. ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയെന്നാരോപിച്ച് ബസ് സ്റ്റേഷനിലേക്ക് കൊണ്ടുചെല്ലാൻ പൊലീസ് നിർദേശിച്ചു.
കണ്ടക്ടറുടെ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീൻ, ട്രിപ് ഷീറ്റ്, പണം അടങ്ങിയ ബാഗ് എന്നിവ പിടിച്ചെടുത്തു. ബസിന്റെ രേഖകൾ കാണിക്കണം, 500 രൂപ പെറ്റിയടക്കണം തുടങ്ങിയ നിർദേശങ്ങളും പൊലീസ് മുന്നോട്ടുവെച്ചു. ഒന്നര മണിക്കൂറോളം ജീവനക്കാരെയും യാത്രക്കാരെയും ബന്ധികളാക്കി.
മടിവാള അസി. കമീഷണർ സ്റ്റേഷനിലുണ്ടായിരുന്നു. സർക്കാർ ബസാണ്, എല്ലാ രേഖകളും ഉണ്ട് എന്ന് ജീവനക്കാർ അറിയിച്ചിട്ടും എ.സി.പി ഉൾപ്പെടെയുള്ളവർ ചെവിക്കൊണ്ടില്ല. കർണാടക ആർ.ടി.സിയിലെ ഉത്തരവാദപ്പെട്ടവർ വിളിച്ചിട്ടും എ.സി.പി ഫോൺ സ്വീകരിക്കാൻ തയാറായില്ലെന്ന് ജീവനക്കാർ പറഞ്ഞു.
സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ അപേക്ഷിച്ചതോടെ രാത്രി ഒമ്പതിനുശേഷം ബസ് വിട്ടുനൽകി. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരത്ത് എത്തേണ്ട ബസാണ് മണിക്കൂറുകൾ തടഞ്ഞിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.