തിരുവനന്തപുരം: പ്രശസ്ത കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. രാത്രി ഒമ്പതോടെ പൂജപ്പുര ചാടിയറ സി.ആർ.എ 168 നെല്ലിയോട് മനയിലായിരുന്നു അന്ത്യം. പാൻക്രിയാസിൽ അർബുദം ബാധിച്ച് കുറച്ച് നാളായി ചികിത്സയിലായിരുന്നു. കഥകളിയിലെ താടി, കരി വേഷങ്ങളിൽ ഏറെ ശ്രദ്ധേയമായ പല കഥാപാത്രങ്ങൾക്കും അരങ്ങിൽ ജീവൻ നൽകിയിട്ടുണ്ട്. കേന്ദ്ര, കേരള സംഗീത നാടക അക്കാദമി, സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കഥകളി അധ്യാപകൻ എന്ന നിലയിലും പ്രശസ്തനായിരുന്നു.
1940 ഫെബ്രുവരി അഞ്ചിന് എറണാകുളം ചേരാനല്ലൂർ നെല്ലിയോട് മനയിൽ വിഷ്ണുനമ്പൂതിരിയുടെയും പാർവതി അന്തർജനത്തിെൻറ മകനായിട്ടായിരുന്നു ജനനം. കോട്ടയ്ക്കൽ പി.എസ്.വി നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലും കഥകളി അഭ്യാസം പൂർത്തിയാക്കി. നാട്യാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ അധ്യാപകനായി നിരവധി വർഷം പ്രവർത്തിച്ചു. കഥകളിയിലെ ക്രൂര കഥാപാത്രങ്ങളെ അതിഗംഭീരമായി അവതരിപ്പിച്ച് പ്രശസ്തനായ വ്യക്തിയാണ് വാസുദേവൻ നമ്പൂതിരി. ഇദ്ദേഹത്തിെൻറ കലി, ദുശ്ശാസനൻ, ബകൻ, വീരഭദ്രൻ എന്നീ വേഷങ്ങൾ ഏറെ ശ്രദ്ധേയമാണ്. അതിന് പുറമെ കുചേലൻ, ശൂർപ്പണഖ, ലങ്കാലക്ഷ്മി, കരിത്താടിയുള്ള കാട്ടാളൻ എന്നീ വേഷങ്ങളിലൂടെയും അദ്ദേഹം കഥകളി ആസ്വാദകരുടെ മനസ്സ് കീഴടക്കി.
സംസ്കൃതത്തിലും പുരാണങ്ങളിലും ഏറെ പാണ്ഡിത്യമുണ്ടായിരുന്നു. കഥകളിക്ക് പുറമെ ക്ഷേത്രകലാരൂപമായ പാഠകത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. കലാമണ്ഡലം അവാർഡ്, തുളസീവന പുരസ്കാരം, കേന്ദ്ര സർക്കാർ ഫെലോഷിപ്, കേരള സർക്കാറിെൻറ 2013 ലെ കഥകളി പുരസ്കാരം, നാട്യരത്ന തുടങ്ങിയ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. പൂജപ്പുരയിലെ വാഴേങ്കട കുഞ്ചുനായർ സ്മാരക കലാവിഹാർ 1988 കാലഘട്ടത്തിൽ സ്ഥാപിച്ചത് ഇദ്ദേഹമാണ്.
ഭാര്യ: ശ്രീദേവി അന്തർജനം, മക്കൾ: കഥകളി കലാകാരന്മാരായ മായ നെല്ലിയോട്, ഹരി നെല്ലിയോട് (വിഷ്ണു നമ്പൂതിരി). മരുമക്കൾ: ദിവാകരൻ നമ്പൂതിരി, ശ്രീദേവി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം മലപ്പുറം വണ്ടൂർ-നിലമ്പൂർ റോഡിൽ നായാട്ടുകല്ല് ഭാഗത്തെ ഇല്ലെത്ത ചടങ്ങുകൾക്കുശേഷം വസതിയിൽ. നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അതുല്യനടന പ്രതിഭയായിരുന്നു നമ്പൂതിരിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കഥകളിരംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വേഷമഴിച്ചത്' കഥകളി ജീവിതവ്രതമായി സ്വീകരിച്ച അതുല്യ പ്രതിഭ
തിരുവനന്തപുരം: കഥകളി തെൻറ ജീവശ്വാസമായി കണ്ടിരുന്ന മഹത് വ്യക്തിയെയാണ് നെല്ലിയോട് വാസുദേവൻ നമ്പൂതിരിയിലൂടെ നഷ്ടമായത്. കഥകളിയിലെ പ്രസിദ്ധ താടിവേഷക്കാരൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം കഥകളിയുടെ പ്രചാരണത്തിനായി പല രാജ്യങ്ങളും സന്ദർശിച്ചു. വലിയൊരു ശിഷ്യഗണമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കഥകളിയില്‍ ദുഷ്ടവേഷങ്ങളുടെ അവതരണത്തില്‍ പ്രസിദ്ധനായ നെല്ലിയോട് പക്ഷേ ജീവിതത്തില്‍ സാത്വികനായിരുന്നു.
കലി, ദുശ്ശാസനന്, ബാലി, നരസിംഹം, കാട്ടാളന്, നക്രതുണ്ഡി, ഹനുമാന് എന്നീ വേഷങ്ങളുടെ അവതരണത്തിലും മിനുക്കില്‍ നാരദന്, കുചേലന്, സന്താനഗോപാലത്തിലെ ബ്രാഹ്മണന് എന്നിവയിലും അദ്ദേഹത്തിെൻറ അഭിനയമികവ് സവിശേഷമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് പുറമെ തന്ത്രം, വേദം എന്നിവ പഠിച്ചു. 17ാം വയസ്സില്‍ കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘത്തില്‍ വാഴേങ്കട കുഞ്ചുനായരുടെ കീഴില്‍ കഥകളി അഭ്യാസം തുടങ്ങി. പിന്നീട് കലാമണ്ഡലത്തിലും പഠിച്ചു. രണ്ടുവർഷം കേന്ദ്രസര്‍ക്കാര്‍ സ്േകാളര്ഷിപ്പോടെ ഉപരിപഠനം. കലാമണ്ഡലത്തിലും അധ്യാപകനായിരുന്നു. കലാമണ്ഡലം, എഫ്.എ.സി.ടി സംഘത്തില്‍ ചൈനയൊഴികെയുള്ള വിദേശരാജ്യങ്ങളില്‍ 35 തവണ കഥകളി പര്യടനം നടത്തി.
1975 മുതല്‍ 95 വരെ അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിലും ജവഹര്‍ ബാലഭവനിലും കഥകളി അധ്യാപകനായിരുന്നു. 1999ല്‍ കലാമണ്ഡലം അവാര്‍ഡ്, 2000ല്‍ സംഗീതനാടക അക്കാദമിയുടെ കഥകളി നടനുള്ള അവാര്‍ഡ്, 2001ല്‍ കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവാര്‍ഡ്, 2013 ല്‍ കേരള സര്‍ക്കാറിെൻറ കഥകളിനടനുള്ള അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, നാരായണീയം എന്നിവ വൃത്താനുവൃത്തം തര്‍ജിമ ചെയ്തിട്ടുണ്ട്. ചുവന്നതാടിക്ക് പുറപ്പാട് രചിച്ച് ചിട്ടപ്പെടുത്തിയ അദ്ദേഹം രാസക്രീഡ എന്ന ആട്ടക്കഥയും രചിച്ചിട്ടുണ്ട്.
പൂജപ്പുരയിലെ വാഴേങ്കട കുഞ്ചുനായർ സ്മാരക കലാവിഹാർ 1988 കാലഘട്ടത്തിൽ സ്ഥാപിച്ചത് ഇദ്ദേഹമാണ്. പൂജപ്പുര ചാടിയറയിൽ വാസുദേവൻനമ്പൂതിരി താമസിച്ച നെല്ലിയോട് മന കഥകളിയുടെ ഒരു കുടുംബയോഗമാണ്. മക്കളായ മായയും വിഷ്ണുവും മരുമകൾ ശ്രീദേവിയും കഥകളി അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.