കാട്ടാക്കട: യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലറായി വിജയിച്ച വിദ്യാർഥിനിയുടെ പേര് വെട്ടിമാറ്റി എസ്.എഫ്.ഐ നേതാവിന്റെ പേര് കൗണ്‍സിലര്‍ പട്ടികയില്‍ തിരുകി കയറ്റിയതിനെ തുടർന്ന് വിവാദത്തിലായ കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ പി.ടി.എ ഫണ്ട് വിനിയോഗത്തിലും ക്രമക്കേടെന്ന്.
പി.ടി.എ ഫണ്ട് വിനിയോഗത്തിലെ അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് പൊലീസ് വിജിലന്‍സിന് പരാതിയും നല്കി. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയതായാണ് ആരോപണം.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ അധ്യാപകനും പി.ടി.എ യുടെ മുന്‍ ട്രഷററുമായ ഫെലിക്സാണ് പരാതി നല്‍കിയത്. പിടി.എ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടക്കുന്നത്, ബില്ലുകളും വൗച്ചറുകളും ഇല്ലാതെ പണം ചെലവിടുന്നത് എന്നിവ കാട്ടി ട്രഷറര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതി വാങ്ങാന്‍പോലും കൂട്ടാക്കിയില്ലെന്നും ആരോപിക്കുന്നു.
തുടര്‍ന്ന് കോളജ് മാനേജ്മെന്റിന് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. എന്നാല്‍, വിജിലന്‍സിലും ഉന്നതര്‍ പിടിമുറുക്കിയതോടെ അന്വേഷണവും അട്ടിമറിച്ചു. പൂര്‍വ വിദ്യാർഥി സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍വരെ പി.ടി.എയുടെ അക്കൗണ്ടിലാക്കിയെന്നാണ് വിവരം.
വര്‍ഷംതോറും കാൽക്കോടി രൂപയാണ് പി.ടി.എ യുടെ വരവ്. എന്നാല്‍, വര്‍ഷങ്ങളായി ശരിയായ നിലയില്‍ ഓഡിറ്റ് നടത്തുകയോ കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്യാറില്ലത്രെ. ചെലവുകളെ സംബന്ധിച്ച് ബില്ലുകളില്ലാതെ പണം മാറ്റുന്ന രീതിയാണ് അവലംബിക്കുന്നതെന്ന് പരാതി നല്കിയ അധ്യാപകന് ‘മാധ്യമ’ത്തോട് പറഞ്ഞു.
നിർധനരായ വിദ്യാർഥികളോടുപോലും കരുണ കാട്ടാതെയാണ് കോളജില്‍ പി.ടി.എ ഫണ്ട് പിരിക്കുന്നത്. ലോക് ഡൗണ്‍ കാലത്തുപോലും കോളജില്‍ കമ്പ്യൂട്ടറുകള്‍ വാങ്ങിയതായി രേഖകള്‍ ഉണ്ടാക്കിയതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.