കഴക്കൂട്ടം: അനധികൃത കുന്നിടിപ്പിന് റവന്യൂ വകുപ്പിന്റെ തടയിടൽ. ആറ്റിപ്ര വില്ലേജിൽ തൃപ്പാദപുരം മണ്ണാംതറയിലാണ് ഭൂമാഫിയ സംഘം വലിയ കുന്നിടിച്ച് നിരത്തിയത്. കുന്നിടിച്ച മണ്ണു കൊണ്ട് തൊട്ടടുത്ത വയലിന്റെ ഒരു ഭാഗം നികത്തി. തൊട്ടടുത്ത രണ്ടു വീടുകൾ മണ്ണിടിച്ചിലിനെ തുടർന്ന് ഭീഷണിയിലാണ്. ഏക്കറോളം സ്ഥലത്തുള്ള മണ്ണാണ് ഇപ്പോൾ ഇടിച്ചു മാറ്റിയത്.
നാട്ടുകാരുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. തുടർന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കഴക്കൂട്ടം പൊലീസ് റിപ്പോർട്ട് നൽകി. മൈനിങ് ആൻഡ് ജിയോളജി സ്ഥലത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായാണ് കുന്നിടിക്കുന്നതെന്ന് കണ്ടെത്തി. ജിയോളജി വകുപ്പ് ആറ്റിപ്ര വില്ലേജിനും കഴക്കൂട്ടം പൊലീസിനും റിപ്പോർട്ട് കൈമാറി.
ആറ്റിപ്ര വില്ലേജ് ഓഫിസർ ബീനയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. അനുമതി ഇല്ലാതെയാണ് കുന്നിടിച്ച് വയൽ നികത്തിയതെന്ന് കണ്ടെത്തിയ വില്ലേജ് ഓഫിസറും സംഘവും അനധികൃത മണ്ണിടിപ്പിന് സ്റ്റോപ് മെമ്മോ നൽകി. മെമ്മോയുടെ പകർപ്പ് തഹസിൽദാർ, ആർ.ഡി.ഒ, വില്ലേജ് ഓഫിസർ എന്നിവർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.