കൊല്ലം: പാട്ടപെറുക്കിയും ബിരിയാണി വിറ്റും ലഭിച്ച തുക ഉപയോഗിച്ച് കലോത്സവത്തിനെത്തി എ ഗ്രേഡുകളിൽ സമ്പന്നരായി തിരുവനന്തപുരം നന്ദിയോട് എസ്. കെ.വി എച്ച്.എസ്.എസ്. മലയോരമേഖലയിലെ സ്കൂളായതിനാൽതന്നെ ഇവിടത്തെ കുട്ടികളിൽ തൊണ്ണൂറുശതമാനവും തോട്ടം തൊഴിലാളികളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയുമൊക്കെ മക്കളാണ്. മേളക്കുള്ള പരിശീലനത്തിനും മറ്റ് സംവിധാനങ്ങക്കും പതിനായിരങ്ങൾ ചെലവാക്കാൻ ഇവർക്കില്ല. ഇതോടെയാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ഇതിൽ ഒരുലക്ഷം രൂപയും ആക്രിസാധനങ്ങളും പഴയ പത്രക്കടലാസും ശേഖരിച്ച് വിൽപന നടത്തി 25,000 രൂപയും ലഭിച്ചു.
‘കേരളപ്പിറവിയിൽ മലയാളി വേഷം’ തലക്കെട്ടിൽ മുണ്ട് ചലഞ്ചും നടത്തി പണം സമാഹരിച്ചു. ഇവക്കൊപ്പം പി.ടി.എ നൽകിയ തുകയുമുപയോഗിച്ച് പരിശീലനം നേടിയാണ് സംഘം കൊല്ലത്തെത്തിയത്. എല്ലാറ്റിനും നേതൃത്വം നൽകിയത് സ്കൂളിലെ വിദ്യാർഥികളാണെന്ന് അധ്യാപകനായ എം.എസ്. അനീഷ് പറഞ്ഞു. ചരിത്രത്തിലാദ്യമായി 15 ഇനങ്ങളിൽ സ്കൂളിലെ 52 കുട്ടികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. മാതാവിനെയും പിതാവിനെയും നഷ്ടമായ ടീമംഗമായ ജിനേഷ് മൂന്ന് ഇനങ്ങളിലാണ് എ ഗ്രേഡ് നേടിയത്.
ഭിന്നശേഷിക്കാരനായ രാഹുൽ വട്ടപ്പാട്ടിലും എ ഗ്രേഡ് നേടി. വട്ടപ്പാട്ട്, ദഫ്മുട്ട്, മാപ്പിളപ്പാട്ട്, സംസ്കൃതം കവിതാരചന, സംസ്കൃതം പ്രസംഗം, കഥകളി, ഓട്ടൻതുള്ളൽ, പഞ്ചവാദ്യം, മലയാളം കവിതാരചന, പാഠകം തുടങ്ങിയവയാണ് ഇവർ മത്സരിച്ച ഇനങ്ങൾ.
ഇതിൽ പ്രസംഗം, പഞ്ചവാദ്യം എന്നിവയൊഴികെയുള്ളവക്ക് എ ഗ്രേഡ് ലഭിച്ചു. അരിക്കൊമ്പനും ആദിവാസിയായ മധുവും കഥാപാത്രങ്ങളായ ആദിവാസി, ദലിത് പിന്നാക്ക വിഭാഗത്തിന്റെ കഥയുമായി ‘എന്ത് കാട്ടാനാ’ നാടകവും അപ്പീൽ വഴിയെത്തി ഇവർ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.