തിരുവനന്തപുരം: ബൂട്ടുകൾ സ്വപ്നം കണ്ട തീരപ്രദേശത്തെ കുടിലുകളോട് ഫുട്ബാളിനെ പ്രണയിക്കാൻ പഠിപ്പിച്ച കോവളം എഫ്.സി കേരള ഫുട്ബാളിന്റെ തലപ്പത്തേക്ക് പന്തുതട്ടുന്നു.
കേരള പ്രീമിയർ ലീഗിന്റെ ആദ്യഘട്ടം അവസാനിക്കുമ്പോൾ വിദേശതാരങ്ങളടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെപോലും നിലംപരിശാക്കിയാണ് അവഗണനയുടെ നൂൽപാലത്തിൽനിന്ന് കോവളത്തിന്റെ ‘ലോക്കൽസ്’ അവസാന സൂപ്പർ സിക്സിൽ ഇടംപിടിച്ചിരിക്കുന്നത്.
ആറ് മത്സരങ്ങളിൽനിന്നായി നാല് ജയവും ഒരു തോൽവിയും സമനിലയുമായി 13 പോയന്റുമായി സി ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്സിന് പിന്നിലായി രണ്ടാമതായാണ് കോവളത്തിന്റെ ഫിനിഷിങ്. ഒന്നാമതുള്ള ബ്ലാസ്റ്റേഴ്സിനും 13 പോയന്റാണെങ്കിലും ഗോൾ ശരാശരിയിൽ രണ്ടിലേക്ക് തള്ളപ്പെടുകയായിരുന്നു. ഇതോടെ സന്തോഷ് ട്രോഫി താരങ്ങളടങ്ങിയ കെ.എസ്.ഇ.ബിയും പ്രതാപശാലികളായ കൊല്ലം സായിയും ടൂർണമെന്റിൽനിന്ന് പുറത്തായി. കോവളത്തിനും ബ്ലാസ്റ്റേഴ്സിനും പുറമെ ഗോകുലം കേരള, കേരള പൊലീസ്, കേരള യുനൈറ്റഡ്, വയനാട് യുനൈറ്റഡ് എന്നിവരാണ് അവസാന ആറിൽ ഇടം പിടിച്ച മറ്റ് ടീമുകൾ.
ഒന്നര പതിറ്റാണ്ടിന് മുമ്പ് തിരുവനന്തപുരത്തിന്റെ തീരദേശത്തിരുന്ന് എബിൻ റോസ് എന്ന സന്തോഷ് ട്രോഫി താരവും അഭ്യുദയകാംക്ഷികളും കണ്ട സ്വപ്നമായിരുന്നു കോവളം എഫ്.സി. ഡിപ്പാർട്ട്മെന്റ് ടീമുകളിൽനിന്ന് വ്യത്യസ്തമായി ജില്ലക്ക് സ്വന്തമായി ഒരു പ്രഫഷനൽ ക്ലബ്.
എല്ലാത്തിനുമുപരി തുകൽപന്തിനെ സ്നേഹിക്കുന്ന തീരപ്രദേശത്തെ കുട്ടികൾക്കായി ഒരു ഫുട്ബാൾ ക്ലബ്. പക്ഷേ, എബിനെയും കൂട്ടരെയും ആദ്യഘട്ടത്തിൽ കാത്തിരുന്നത് കുതികാൽ വെട്ടിന്റെയും അവഗണനയുടെയും മാറ്റിനിർത്തലിന്റെയും പരിഹാസത്തിന്റെയും വിസിൽ മുഴക്കം മാത്രമായിരുന്നു. പക്ഷേ, തളർന്നില്ല. തള്ളിയിട്ടിടത്തുനിന്ന് ഓരോ ഘട്ടത്തിലും എബിനും കുട്ടികളും ആർജവത്തോടെ എഴുന്നേറ്റുനിന്നു പൊരുതി.
സാമ്പത്തികം പലപ്പോഴും വിലങ്ങുതടിയായപ്പോൾ ഫെഡറൽ ബാങ്കും കിംസുമാണ് ക്ലബിനെ സഹായിക്കാൻ മുന്നോട്ടുവന്നത്. ഇത്തരം അഭ്യുദയകാംക്ഷികളുടെ പിന്തുണയോടെ ഇന്ന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിഭകൾക്കും പരിശീലനം നൽകുന്ന അക്കാദമിയായി കോവളം മാറിക്കഴിഞ്ഞു.
അരുമാനൂർ എം.വി ഹയർസെക്കൻഡറി സ്കൂളിന്റെ സ്ഥലം പാട്ടത്തിനെടുത്ത് മികച്ച സ്റ്റേഡിയവും അക്കാദമിക്കായി ഹോസ്റ്റലും നിർമിച്ചു. സ്വന്തമായി കളിസ്ഥലവും റസിഡൻഷ്യൽ അക്കാദമിയുമുള്ള സംസ്ഥാനത്തെ അപൂർവം ടീമുകളിലൊന്നാണ് കോവളം എഫ്.സി. പ്രമുഖ പത്രപ്രവർത്തകൻ ടി.ജെ.എസ്. ജോർജിന്റെ സഹോദരൻ ടി.ജെ.എസ്. മാത്യുവും ഭാര്യ സാലി മാത്യുവുമാണ് കോവളം എഫ്.സിയുടെ അമരക്കാർ. ഈ മാസം 20 ന് കോഴിക്കോട് കേരള പൊലീസുമായാണ് കോവളത്തിന്റെ ആദ്യ സൂപ്പർ സിക്സ് മത്സരം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.