തിരുവനന്തപുരം: മെഡിക്കൽ കോളജ്, ആർ.സി.സി, ശ്രീചിത്ര, എസ്.എ.ടി തുടങ്ങിയ ആശുപത്രികളിലേക്കുള്ളവർക്ക് അതിരാവിലെ തന്നെ നേരിട്ടെത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപജില്ലകളിൽനിന്നും കെ.എസ്.ആർ.ടി.സി സർവിസ് ഏർപ്പെടുത്തുന്നു.
ജനുവരി 27 മുതൽ രാവിലെയും വൈകീട്ടുമാണ് സർവിസുകൾ. തിരുവനന്തപുരം നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് കെ.എസ്.ആർ.ടി.സി പുതിയ സർവിസുകൾ ആരംഭിക്കുന്നത്. ആശുപത്രി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ഇടയിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് മാനേജ്മെൻറ് സർവേ നടത്തിയതിെൻറ അടിസ്ഥാനത്തിലാണ് പുതിയ യാത്രാസൗകര്യം.
വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കും മറ്റ് പൊതുജനങ്ങൾക്കും എത്തിച്ചേരുന്നതിന് സൗകര്യപ്രദമായ സമയത്തും റൂട്ടുകളിലുമാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്. പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, വിതുര, കുളത്തൂപ്പുഴ, ആര്യങ്കാവ്, വെള്ളനാട്, വെള്ളറട, പൂവാർ, വിഴിഞ്ഞം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കണിയാപുരം, പാലോട് എന്നിവിടങ്ങളിൽനിന്ന് രാവിലെ ആറിന് ഒ.പിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവിസുകൾ ക്രമീകരിക്കുക.
ഒ.പി യിലെ പരിശോധനക്കു ശേഷം തിരികെ പോകുന്നതിനായി രാവിലെ 11 മുതൽ ഉച്ചക്ക് ശേഷം മൂന്നുവരെ 15 മിനിറ്റ് ഇടവേളകളിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് എന്നീ പ്രദേശങ്ങളിലേക്ക് തിരികെ സർവിസുകൾ ഉണ്ടായിരിക്കും. ഈസ്റ്റ് ഫോർട്ടിൽനിന്ന് തമ്പാനൂർ ബസ് ടെർമിനിൽ കണക്ട് ചെയ്ത് മെഡിക്കൽ കോളജിലേക്ക് സർവിസ് നടത്തും.
മെഡിക്കൽ കോളേജ് ഒ.പി കൗണ്ടറിൽ സർവിസുകൾ സംബന്ധിച്ച സമയവിവരപ്പട്ടിക സ്ഥാപിക്കുകയും ചെയ്യും. ഈ സർവിസുകളിൽ ഹോസ്പിറ്റൽ സർവിസ് എന്ന പ്രത്യേകബോർഡും ഉണ്ടായിരിക്കും.
മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോകുന്നവർ തമ്പാനൂരിൽനിന്നോ കിഴക്കേക്കോട്ടയിൽനിന്നോ ബസിറങ്ങിയാണ് പോയിരുന്നത്. അത് ഒഴിവാക്കാനാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുളത്തൂപ്പുഴയിൽ നിന്നും വരെ ഇനി മുതൽ മെഡിക്കൽ കോളജിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്നത്.
സർവേയുടെ അടിസ്ഥാനത്തിൽ 21 ഷെഡ്യൂളുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ നടത്തുന്നത്. ഒരു മാസത്തെ പരീക്ഷണ സർവിസിനു ശേഷം വേണമെങ്കിൽ സർവിസുകളിലും സമയ ക്രമത്തിലും തുടർ മാറ്റം വരുത്തുമെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.