തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ഇനി കെ.എസ്.ആർ.ടി.സിയുടെ 21 പ്രത്യേക സർവിസുകൾ
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ്, ആർ.സി.സി, ശ്രീചിത്ര, എസ്.എ.ടി തുടങ്ങിയ ആശുപത്രികളിലേക്കുള്ളവർക്ക് അതിരാവിലെ തന്നെ നേരിട്ടെത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപജില്ലകളിൽനിന്നും കെ.എസ്.ആർ.ടി.സി സർവിസ് ഏർപ്പെടുത്തുന്നു.
ജനുവരി 27 മുതൽ രാവിലെയും വൈകീട്ടുമാണ് സർവിസുകൾ. തിരുവനന്തപുരം നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് കെ.എസ്.ആർ.ടി.സി പുതിയ സർവിസുകൾ ആരംഭിക്കുന്നത്. ആശുപത്രി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ഇടയിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് മാനേജ്മെൻറ് സർവേ നടത്തിയതിെൻറ അടിസ്ഥാനത്തിലാണ് പുതിയ യാത്രാസൗകര്യം.
വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കും മറ്റ് പൊതുജനങ്ങൾക്കും എത്തിച്ചേരുന്നതിന് സൗകര്യപ്രദമായ സമയത്തും റൂട്ടുകളിലുമാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്. പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, വിതുര, കുളത്തൂപ്പുഴ, ആര്യങ്കാവ്, വെള്ളനാട്, വെള്ളറട, പൂവാർ, വിഴിഞ്ഞം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കണിയാപുരം, പാലോട് എന്നിവിടങ്ങളിൽനിന്ന് രാവിലെ ആറിന് ഒ.പിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവിസുകൾ ക്രമീകരിക്കുക.
ഒ.പി യിലെ പരിശോധനക്കു ശേഷം തിരികെ പോകുന്നതിനായി രാവിലെ 11 മുതൽ ഉച്ചക്ക് ശേഷം മൂന്നുവരെ 15 മിനിറ്റ് ഇടവേളകളിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് എന്നീ പ്രദേശങ്ങളിലേക്ക് തിരികെ സർവിസുകൾ ഉണ്ടായിരിക്കും. ഈസ്റ്റ് ഫോർട്ടിൽനിന്ന് തമ്പാനൂർ ബസ് ടെർമിനിൽ കണക്ട് ചെയ്ത് മെഡിക്കൽ കോളജിലേക്ക് സർവിസ് നടത്തും.
മെഡിക്കൽ കോളേജ് ഒ.പി കൗണ്ടറിൽ സർവിസുകൾ സംബന്ധിച്ച സമയവിവരപ്പട്ടിക സ്ഥാപിക്കുകയും ചെയ്യും. ഈ സർവിസുകളിൽ ഹോസ്പിറ്റൽ സർവിസ് എന്ന പ്രത്യേകബോർഡും ഉണ്ടായിരിക്കും.
മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോകുന്നവർ തമ്പാനൂരിൽനിന്നോ കിഴക്കേക്കോട്ടയിൽനിന്നോ ബസിറങ്ങിയാണ് പോയിരുന്നത്. അത് ഒഴിവാക്കാനാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുളത്തൂപ്പുഴയിൽ നിന്നും വരെ ഇനി മുതൽ മെഡിക്കൽ കോളജിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്നത്.
സർവേയുടെ അടിസ്ഥാനത്തിൽ 21 ഷെഡ്യൂളുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ നടത്തുന്നത്. ഒരു മാസത്തെ പരീക്ഷണ സർവിസിനു ശേഷം വേണമെങ്കിൽ സർവിസുകളിലും സമയ ക്രമത്തിലും തുടർ മാറ്റം വരുത്തുമെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.
സർവിസ് നടത്തുന്ന റൂട്ടുകൾ
1. നെടുമങ്ങാട് - വേങ്കോട് - വട്ടപ്പാറ- മെഡിക്കൽ കോളജ് - കണ്ണമ്മൂല - കിഴക്കേകോട്ട
2. വിതുര -നെടുമങ്ങാട് -പേരൂർക്കട - പട്ടം -മെഡിക്കൽ കോളജ്
3. നെടുമങ്ങാട്-പേരൂർക്കട-പട്ടം-മെഡിക്കൽ കോളജ്-കണ്ണമ്മൂല- തിരുവനന്തപുരം
4. കുളത്തൂപ്പുഴ-നെടുമങ്ങാട് -പേരൂർക്കട - പട്ടം -മെഡിക്കൽ കോളജ്.
5. കുളത്തൂപ്പുഴ-മടത്തറ-ചിതറ - കടയ്ക്കൽ - നിലമേൽ- കിളിമാനൂർ- വെമ്പായം- കേശവദാസപുരം- മെഡിക്കൽ കോളജ്- തിരുവനന്തപുരം.
6. പാലോട് - കല്ലറ-കാരേറ്റ് - വെമ്പായം - മെഡിക്കൽ കോളജ്- തിരുവനന്തപുരം.
7. ആര്യനാട്- വെള്ളനാട് -പേയാട് - പൂജപ്പുര - ബേക്കറി -പാളയം- പട്ടം-മെഡിക്കൽ കോളജ്
8. വെള്ളനാട്- അരുവിക്കര- വട്ടിയൂർക്കാവ് - വെള്ളയമ്പലം - പട്ടം-മെഡിക്കൽ കോളജ്
9. വെള്ളറട - ചെമ്പൂര്- കാട്ടാക്കട -ബേക്കറി -പാളയം -പട്ടം -മെഡിക്കൽ കോളജ്
10. കാട്ടാക്കട - പോങ്ങമ്മൂട് - ഊരൂട്ടമ്പലം - പ്രാവച്ചമ്പലം - തിരുവനന്തപുരം -കണ്ണമ്മൂല- മെഡിക്കൽ കോളജ്.
11. വെള്ളറട - ധനുവച്ചപുരം - നെയ്യാറ്റിൻകര -തിരുവനന്തപുരം -കണ്ണമ്മൂല- മെഡിക്കൽ കോളജ്.
12. പാറശ്ശാല-ഊരമ്പ് - പൂവ്വാർ - വിഴിഞ്ഞം - കിഴക്കേകോട്ട -കണ്ണമ്മൂല- മെഡിക്കൽ കോളജ്.
13. പൂവ്വാർ - വിഴിഞ്ഞം - കിഴക്കേകോട്ട- -പട്ടം -മെഡിക്കൽ കോളജ്.
14.പൂവ്വാർ - കാഞ്ഞിരംകുളം - ബാലരാമപുരം -തിരുവനന്തപുരം-പട്ടം -മെഡിക്കൽ കോളജ്.
15.വിഴിഞ്ഞം - പള്ളിച്ചൽ -തിരുവനന്തപുരം-പട്ടം -മെഡിക്കൽ കോളജ്
16.നെയ്യാറ്റിൻകര - ബാലരാമപുരം-തിരുവനന്തപുരം -പട്ടം -മെഡിക്കൽ കോളജ്.
17. കിളിമാനൂർ - കാരേറ്റ് - വെഞ്ഞാറമൂട് - വെമ്പായം - കേശവദാസപുരം - കിഴക്കേകോട്ട.
18. വെഞ്ഞാറമൂട് -പോത്തൻകോട്-ചെമ്പഴന്തി - ശ്രീകാര്യം -മെഡിക്കൽകോളജ്-കണ്ണമ്മൂല-കിഴക്കേകോട്ട.
19. ആറ്റിങ്ങൽ - ചിറയിൻകീഴ് - മുരുക്കുംപുഴ - കണിയാപുരം- കാര്യവട്ടം -മെഡിക്കൽകോളജ് -പട്ടം -തിരുവനന്തപുരം.
20. കണിയാപുരം - പെരുമാതുറ പുത്തൻതോപ്പ് - ആൾസെയിൻറ്സ് കോളജ്-പള്ളിമുക്ക്-കണ്ണമ്മൂല-മെഡിക്കൽകോളജ്.
21. ആറ്റിങ്ങൽ- കഴക്കൂട്ടം - ബൈപാസ് - കിംസ് - ആനയറ -പേട്ട - ജനറൽ ഹോസ്പിറ്റൽ - കിഴക്കേകോട്ട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.