തിരുവനന്തപുരം: കോർപറേഷന്റെ പരിധിയിൽ വരുന്ന എല്ലാ താൽക്കാലിക കളിസ്ഥലങ്ങൾക്കും സ്വകാര്യ ടർഫുകൾക്കും ലൈസൻസ് ഏർപ്പെടുത്തിയുള്ള പ്രത്യേക നിയമാവലിക്ക് കൗൺസിലിന്റെ അംഗീകാരം. ഇതോടെ നിർമാണം പൂർത്തീകരിച്ച കളിസ്ഥലങ്ങളും ടർഫുകളും ആറുമാസത്തിനുള്ളിൽ കോർപറേഷനിൽനിന്ന് ലൈസൻസെടുക്കണം. ലൈസൻസ് ഇല്ലാത്തവ അടച്ചുപൂട്ടി 10,000 രൂപ പിഴയീടാക്കും.
ലംഘനം തുടരുന്ന ഓരോദിവസത്തിനും 100 രൂപ വീതം പിഴ ഈടാക്കുമെന്നും നിയമാവലിയിൽ പറയുന്നു. ചട്ടലംഘനങ്ങൾ ഇല്ലെങ്കിൽ അപേക്ഷ സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ ലൈസൻസ് ലഭിക്കും. ലൈസൻസ് നമ്പർ കളിസ്ഥലത്ത് പ്രദർശിപ്പിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാറിന്റെ ഉടമസ്ഥതയിലുള്ള കളിസ്ഥലങ്ങൾ, ആശുപത്രികൾ, റസിഡൻസ് അസോസിയേഷനുകൾ, എൻ.ജി.ഒകൾ തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള കളിസ്ഥലങ്ങൾക്ക് നിയമാവലി ബാധകമാകില്ല. എന്നാൽ ളിസ്ഥലം നിർമിക്കുന്നതിന് ഇവർ കോർപറേഷന്റെ അനുമതി വാങ്ങണം.
മഴക്കാലത്ത് വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കളിസ്ഥലം നിർമിക്കാൻ പാടില്ല. ഫ്ളഡ് ലൈറ്റ് സൗകര്യമുണ്ടെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കണം.
താൽക്കാലിക കളിസ്ഥലങ്ങൾക്ക് ഡി.ടി.പി സ്കീം, മാസ്റ്റർ പ്ലാൻ, കെ.എം.ബി.ആർ, സി.ആർ.ഇസഡ് എന്നിവ പരിഗണിക്കില്ല. എന്നാൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥലമാണെങ്കിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന അനുമതികൾ ലഭ്യമാക്കിയിരിക്കണം. വെള്ളക്കെട്ട് ഇല്ലാത്തതും ഉറച്ച ഭൂമിയുള്ള സ്ഥലങ്ങളിൽ വസ്തു ഒരു തരത്തിലുള്ള വികസനത്തിനും വിധേയമാകാത്തപക്ഷം താൽക്കാലിക കളിസ്ഥലം അനുവദിക്കും.
കളിസ്ഥലങ്ങളുടെ പ്രവർത്തനസമയം രാവിലെ അഞ്ച് മുതൽ രാത്രി 10 വരെയാകും. 10 മണിക്ക് ശേഷം പ്രവർത്തിക്കണമെങ്കിൽ കോർപറേഷന്റെ പ്രത്യേക അനുമതിവേണം. കളിസ്ഥലങ്ങളിൽ സംഗീതവും വലിയരീതിയിലുള്ള ശബ്ദവും സമീപവാസികൾക്ക് അസൗകര്യം/ശല്യമുണ്ടാക്കുന്ന രീതിയിൽ പാടില്ല.
രാവിലെ ആറിന് മുമ്പായും രാത്രി 10ന് ശേഷവും ശബ്ദമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ പാടില്ല. 50 കൂടുതൽ ആളുകൾക്ക് മത്സരം വീക്ഷിക്കാനുള്ള സൗകര്യം സജ്ജീകരിക്കുകയാണെങ്കിൽ അവിടെ ശൗചാല സൗകര്യവും റിഫ്രെഷ്മെന്റ് സൗകര്യവും ഉറപ്പുവരുത്തണം.
ശുചീകരണത്തിനുള്ള സംവിധാനവും ഖരദ്രവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനവും വേണം. കളി സ്ഥലത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്തം ലൈസൻസിക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.