തിരുവനന്തപുരം: രണ്ടര വർഷമായി പണിതീരാതെ ജനങ്ങളെ ദുരിതത്തിലാക്കിയ രണ്ട് റോഡുകൾ ഗതാഗതയോഗ്യമായതിന്റെ ആശ്വാസത്തിൽ നഗരവാസികൾ. മാനവീയം വീഥിയും കലാഭവൻ മണി റോഡുമാണ് ഏറെനാളിനു ശേഷം തുറന്നുകൊടുത്തത്. ഗതാഗതത്തിന് തുറന്നുകൊടുത്ത റോഡിന്റെ ഉദ്ഘാടനം 22ന് വൈകീട്ടാണ്.
നവീകരിച്ച കലാഭവന്‍ മണി റോഡ് 20ന് തുറന്നുകൊടുക്കുമെന്ന് നിർമാണ പുരോഗതി പരിശോധിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
കലാഭവൻ മണി റോഡിലെ (റോസ് ഹൗസ്- പനവിള ജങ്ഷൻ റോഡ്) നിർമാണ പ്രവർത്തനങ്ങൾ 20നു തന്നെ പൂർത്തിയാക്കാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ചർച്ച നടത്തിയിരുന്നു. രാത്രിയും ജോലി തുടർന്നാണ് പോസ്റ്റ് മാറ്റുന്നതുൾപ്പെടെയുള്ള പ്രവൃത്തി പൂർത്തിയാക്കിയത്. ടാറിങ് പൂർത്തിയായെങ്കിലും അറ്റകുറ്റപ്പണി അവശേഷിക്കുന്നതനിനാലാണ് ഉദ്ഘാടനം 22നാക്കിയത്. പോസ്റ്റുകളിൽനിന്ന് മാറ്റി ഫീഡർ പില്ലറിലേക്കും ഇവിടെ നിന്ന് ഉപഭോക്താക്കൾക്കും വൈദ്യുത കണക്ഷൻ നൽകുന്ന പണികളാണ് അവശേഷിക്കുന്നത്.
അധിക ജീവനക്കാരെ നിയോഗിച്ച് ഈ പ്രവൃത്തി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്ന് മന്ത്രി റിയാസ് മന്ത്രി കൃഷ്ണൻ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസംതന്നെ രണ്ടുതവണ പ്രവൃത്തി പരിശോധിക്കാനായി മന്ത്രി ഈ റോഡുകൾ സന്ദർശിച്ചിരുന്നു. നടപ്പാത, ഗാതറിങ് പോയന്റ്, വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭിത്തി നിർമാണം, സ്ട്രീറ്റ് ലൈബ്രറി, സ്ട്രീറ്റ് ആർട്ട് കഫേ എന്നിവയും നവീകരണത്തിലെ പ്രത്യേകതകളാണ്.
അലങ്കാരവിളക്കുകളടക്കം സ്ഥാപിച്ച് സൗന്ദര്യവത്കരണം പൂർത്തിയാക്കിയാണ് മാനവീയം വീഥി തുറന്നു കൊടുക്കുന്നത്. സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്താനായി പൊളിച്ച രണ്ടു റോഡുകളിൽ കൂടി പണി നടന്നേക്കും. അയ്യൻകാളി ഹാൾ- ഫ്ലൈ ഓവർ റോഡ്, സ്പെൻസർ ജങ്ഷൻ- എ.കെ.ജി സെന്റർ റോഡുകളുടെ നവീകരണം, റോഡ് ഫണ്ട് ബോർഡ് നിശ്ചയിച്ച എസ്റ്റിമേറ്റ് നിരക്കിനെക്കാൾ 10 ശതമാനം കൂട്ടി കരാറുകാർ ഏറ്റെടുത്തു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വർക്ക് ഓർഡർ നൽകും. അഞ്ചുതവണ ടെൻഡർ ചെയ്ത ശേഷമാണ് റോഡുകളുടെ നവീകരണത്തിന് കരാറുകാരെ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.