തിരുവനന്തപുരം: ആര്.എസ്.എസ് പ്രവര്‍ത്തകനും മണ്ണന്തല സ്വദേശിയുമായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്കും മൂന്നു സാക്ഷികള്‍ക്കും കോടതിയുടെ വാറന്റ്. വിചാരണക്ക് നിശ്ചയിച്ചിരുന്ന കേസില്‍ ഹാജരാകാതിരുന്നതു കൊണ്ടാണ് വാറന്റ് പുറപ്പെടുവിച്ചത്. നാലാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി ആജ് സുദര്‍ശനാണ് കേസ് പരിഗണിച്ചത്.
രണ്ടാം പ്രതി ശംഖുമുഖം വാട്ട്സ് റോഡ് സ്വദേശി വെള്ളി നാരായണന് എന്ന നാരായണന് കുട്ടിയും കേസിലെ പ്രധാന സാക്ഷികളായ കേരളാദിത്യപുരം കുന്നത്ത് വിളയ്ക്കല് സൗഹൃദ നഗര്‍ സ്വദേശി വിനോദ്, നാലാഞ്ചിറ മഠത്തുനട ക്രിസ്ത്യന്‍ പള്ളിക്ക് സമീപം സുരേഷ്, ഉള്ളൂര്‍ ചെഞ്ചേരി എസ്.എസ് ഭവനില്‍ സജിത് കുമാര്‍ എന്നിവര്‍ക്കുമാണ് വാറന്റ് പുറപ്പെടുവിച്ചത്. പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതുകൊണ്ടാണ് തങ്ങള്‍ക്ക് ഹാജരാകാന്‍ കഴിയാത്തതെന്ന് ആരോപിച്ച് സാക്ഷികള്ഹരജി ഫയല്‍ ചെയ്തു. സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടിക്ക് കോടതി പൊലീസിന് നിർദേശം നല്കി.
സി.പി.എം പ്രവര്‍ത്തകനായ വിഷ്ണുവിനെ പാസ്പോര്‍ട്ട് ഓഫിസിന് സമീപം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട രഞ്ജിത്. വിഷ്ണു കൊലക്കേസിന്റെ പ്രതികാരമായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം. 2008 ഒക്ടോബര്‍ 17 ന് പുലര്‍ച്ച 5.50ന് നാലാഞ്ചിറ കോട്ടമുകള്‍ വിനായക ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിള്‍സ് എന്ന രഞ്ജിത്തിന്റെ കടയ്ക്കുള്ളിലായിരുന്നു കൊലപാതകം.
ഒളിവില്‍പോയ നാരാണന്കുട്ടിക്ക് പുറമെ, പി.ടി.പി നഗര്‍ മുകുന്ദ വിഹാറില്‍ കിച്ചു എന്ന അമ്പലമുക്ക് കൃഷ്ണകുമാര്‍, ശംഖുമുഖം സെന്റ് റോച്ചസ് സ്കൂളിന് സമീപം റീനാഹൗസില് ഹരിപ്രസാദ്, പേട്ട കവടി വട്ടവിളാകത്ത് മൊട്ട അജി എന്ന അജിത് കുമാര്‍, പാല്‍കുളങ്ങര ചെമ്പകശ്ശേരി ചുക്രന്‍ രഞ്ജിത് എന്ന രഞ്ജിത് കുമാര്‍, ആറ്റിപ്ര തെക്കേ വിളാകത്ത് കരാട്ടേ സുരേഷ് എന്ന സുരേഷ്, കാഞ്ഞിരംപാറ ഭഗീരഥ അപ്പാര്‍ട്മെന്റില്‍ ഫിറോസ് എന്ന ഫിറോസ് ഖാന്, വഞ്ചിയൂര്‍ ഖാദിബോര്‍ഡ് റോഡ് ഭവാനി മന്ദിരത്തില്‍ വിഷ്ണു വിനോദ് എന്ന വിഷ്ണു, വലിയശാല ശിവഗംഗയില്‍ ശങ്കര്‍ എന്ന ശങ്കര്‍ സുബ്രഹ്മണ്യം, എയര്‍പോര്‍ട്ട് ജങ്ഷന് ജൂസാ റോഡ് നവീന്‍ എന്ന ഗോഡ്വിന് ഡെന്നീസ്, കുളത്തൂര്‍ കുഞ്ചാലുംമൂട് ഗോപാലന് സുരേഷ് എന്ന സുരേഷ്, വഞ്ചിയൂര്‍ മള്ളൂര്‍ റോഡ് ലക്ഷ്മി ഭവനില്‍ കണ്ണന് എന്ന സുരേഷ് എന്നീ 12 പേരായിരുന്നു കേസിലെ പ്രതികള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.