വിക്രമിനെ കാണാന്‍ ഞാനും കാത്തിരിക്കുന്നെന്ന് ഹസന്‍; പുഞ്ചിരി തൂകി ജഗതി

തിരുവനന്തപുരം: 'സി.ബി.ഐ സിനിമയിൽ വിക്രമിനെ വീണ്ടും കാണാന്‍ പ്രേക്ഷകരെപ്പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു' -യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞപ്പോള്‍ നടന്‍ ജഗതി ശ്രീകുമാറിന്റെ മുഖത്ത് ചെറുപുഞ്ചിരി. വിഷുദിനത്തില്‍ വിഷുക്കോടിയും കണിക്കിറ്റുമായി ജഗതിയുടെ വീട്ടിലെത്തിയതായിരുന്നു ഹസൻ.

സഹപാഠിയും സുഹൃത്തുമായ ജഗതി ശ്രീകുമാറിനെ കാണാന്‍ എട്ടുവര്‍ഷമായി എല്ലാ വിഷുദിനത്തിലും ഹസൻ എത്തും. റമദാനിൽ വ്രതശുദ്ധിയുടെ നിറവിൽ ഇത്തവണയും പതിവ് തെറ്റിച്ചില്ല. കോവിഡ് കാലത്ത് മാത്രമാണ് സന്ദര്‍ശനത്തിന് ഭംഗമുണ്ടായത്. ഇടവേളക്കുശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച കുടുംബാംഗങ്ങള്‍ക്കും ഹൃദ്യാനുഭവമായി.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ ജഗതി ശ്രീകുമാര്‍ ആർട്‌സ് ക്ലബ് സെക്രട്ടറിയായിരിക്കുമ്പോള്‍ കെ.എസ്‌.യു പ്രസിഡന്റായിരുന്നു ഹസന്‍. യൂനിവേഴ്‌സിറ്റി കലോത്സവ വിജയികളായ ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയ കലാപ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തിയ ഒരുമാസം നീണ്ട അഖിലേന്ത്യ പര്യടനമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഢമാക്കിയത്.

കലാലയ ജീവിതത്തിനുശേഷം ഇരുവരും വ്യത്യസ്ത മേഖലകളില്‍ വ്യാപൃതരായി. അപ്രതീക്ഷിത അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായ ജഗതിയെ ജന്മദിനത്തിലും മറ്റ് വിശേഷാല്‍ ദിനങ്ങളിലും കാണാന്‍ തിരക്കുകള്‍ക്കിടയിലും ഹസനെത്തും. ജഗതിയിലെ ഈശ്വരവിലാസം റോഡില്‍ എ.കെ. ആന്റണിയുടെയും എം.എം. ഹസന്റെയും അയല്‍ക്കാരനായി ഏറെക്കാലം ജഗതി ശ്രീകുമാര്‍ താമസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ മൂവരും ഒന്നിച്ചാണ് പോളിങ് ബൂത്തില്‍ പോകാറുള്ളത്. അപകടത്തെതുടര്‍ന്ന് ജഗതി പേയാട്ടേക്ക് താമസം മാറ്റുകയായിരുന്നു.

പ്രേംനസീർ സുഹൃദ് സമിതിയുടെ നേതൃത്വത്തിൽ ജഗതിക്ക് വിഷുക്കൈനീട്ടം നൽകി. കവി പ്രഭാവർമ നൽകിയ വിഷുക്കണിയും കൈനീട്ടവും സമ്മാനവും നിറഞ്ഞ ചിരിയോടെ ജഗതി സ്വീകരിച്ചു. പ്രസിഡന്റ് പനച്ച മൂട് ഷാജഹാൻ അധ്യക്ഷതവഹിച്ചു. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതം പറഞ്ഞു.

Tags:    
News Summary - MM Hassan meets Jagathy Sreekumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.