തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞതോടെ ‘മാല’യിട്ട് സിനിമപ്രേമികൾ തിയേറ്ററുകൾ കയറി തുടങ്ങി. നഗരത്തിലെ 15 തിയേറ്ററുകളിലാണ് ലോകകാഴ്ചയൊരുക്കിയിരിക്കുന്നത്. ഇന്നുമുതൽ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് തുടക്കമാകും . അതിജീവനം, പ്രണയം, ത്രില്ലർ തുടങ്ങിയ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏഴ് ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക.
സതേൺ സ്റ്റോം, പവർ അലി, ദി സ്നോ സ്റ്റോം, ഓൾ ദി സയലൻസ്, ആഗ്ര, തടവ്, ഫാമിലി എന്നിവയാണ് ശനിയാഴ്ചത്തെ മത്സരചിത്രങ്ങൾ. ഫാസിൽ റസാഖ് രചനയും സംവിധാനവും നിർവഹിച്ച തടവ് ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്നത്തെ മലയാള ചിത്രങ്ങൾ. അമ്പത് വയസ്സുകാരിയായ അംഗനവാടി ടീച്ചറായ ഗീതയുടെ ജീവിതമാണ് തടവിന്റെ പ്രമേയം.എഡ്ഗാർഡോ ഡയ്ലെക്ക്, ഡാനിയൽ കാസബെ എന്നിവർ സംവിധാനം ചെയ്ത ഒരു കുറ്റാന്വേഷകന്റെ ജീവിതം പറയുന്ന ചിത്രമാണ് സതേൺ സ്റ്റോം. വോളിബോൾ താരമായ പെൺകുട്ടിയുടെ അതിജീവനത്തെ ഇതിവൃത്തമാക്കിയ ലൈല ഹാലയുടെ പോർച്ചുഗീസ് ചിത്രമാണ് പവർ അലി.മഞ്ഞുവീഴ്ചയിൽ അകപ്പെട്ടു പോയ കസാക്കിസ്ഥാൻ യുവാവിന്റെ സംഭവബഹുലമായ കഥയാണ് ദി സ്നോ സ്റ്റോം പങ്കുവയ്ക്കുന്നത്.
ഡിയാഗോ ഡെൽ റിയോയുടെ ഓൾ ദി സയലൻസ്, പ്രണയവും ലൈംഗികതയും ചർച്ച ചെയ്യുന്ന ഹിന്ദി ചിത്രം ആഗ്ര എന്നിവയാണ് മത്സര ചിത്രത്തിലെ മറ്റു ചിത്രങ്ങൾ. കാൻ ചലച്ചിത്രമേളയിൽ പാം ദിഓർ പുരസ്കാരത്തിന് അർഹമായ ജസ്റ്റിൻ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാൾ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള 28 ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ശ്രീലങ്കൻ ചലച്ചിത്ര നിർമ്മാതാവ് പ്രസന്ന വിതനഗെയുടെ ചിത്രം പാരഡൈസ് ഈ വിഭാഗത്തിലെ ഏക ഇന്ത്യൻ ചിത്രമാണ്. ലൂണ കാർമൂൺ സംവിധാനം ചെയ്ത ഹോർഡ്, ജീ വൂൺ കിം സംവിധായകനായ കൊറിയൻ ചിത്രം കോബ് വെബ്, നവിദ് മഹമൂദി ഒരുക്കിയ അഫ്ഗാൻ ചിത്രം ദി ലാസ്റ്റ് ബർത്ത്ഡേ, ഉക്രൈൻ ചിത്രം സ്റ്റെപ്നേ, ബ്രൂണോ കാർബോണിയുടെ ദി ആക്സിഡന്റ്, കൊറിയൻ ചിത്രം സ്ലീപ്പ് തുടങ്ങിയവയും ലോക സിനിമ വിഭാഗത്തിൽ സ്ക്രീനിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.