തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ബിനുവിനെ (44) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 55,000 രൂപ പിഴയും. കടകംപള്ളി ആനയറ മുഖക്കാട് തോപ്പിൽ ലൈനിൽ റ്റി.സി.76/192 കിഴക്കേത്തോപ്പിൽ വീട്ടിൽ പ്രദീപിനെയാണ് (54) ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302,324 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴത്തുക ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധിക കഠിനതടവും കൂടാതെ 324 ാം വകുപ്പനുസരിച്ച് ഒരുവർഷം വെറും തടവും 5000 രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം രണ്ടാം അഡീ.സെഷൻസ് കോടതി ജഡ്ജി എ.എസ്. മല്ലികയുടേതാണ് ഉത്തരവ്. 2016 മാർച്ച് 17നാണ് സംഭവം. രാത്രി 9.20ഓടെ പേട്ട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ നടന്നുപോയ യാത്രക്കാരെ പ്രതി അസഭ്യം പറഞ്ഞു. ഇക്കാര്യം ചോദ്യംചെയ്ത വിരോധത്തിൽ പ്രതി, ബിനുവിനെ അസഭ്യം പറയുകയും സഞ്ചിയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു. നെഞ്ചിലും, വയറിലും നിരവധി ആഴത്തിൽ കുത്തി. സംഭവത്തിന് ശേഷം പ്രതി ഓടിപ്പോയി. ബിനുവിനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
പേട്ട പൊലീസ് പ്രതിയെ പിടികൂടി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ 2016 മേയ് 31ന് സമർപ്പിച്ചു. പേട്ട റെയിൽവേ സ്റ്റേഷൻ കാന്റീൻ ജീവനക്കാരനായ രണ്ടാംസാക്ഷി വിനോദിെൻറ മൊഴിയാണ് നിർണായകമായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.എസ്. പ്രിയൻ, റെക്സ് ഡി.ജി എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.