തിരുവനന്തപുരം: അലങ്കാരച്ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അഡീഷനൽ ഗവൺമെന്റ് പ്ലീഡർ എം. സലാഹുദ്ദീനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.
പേരൂർക്കട അമ്പലംമുക്കിലെ സ്ഥാപനത്തിലെ ജീവനക്കാരി നെടുമങ്ങാട് കലിപ്പൂർ പറമ്പിക്കോണത്ത് വിനീതയാണ് (38) കൊല്ലപ്പെട്ടത്. വിനീതയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. കന്യാകുമാരി തോവാള വെള്ളമഠം സ്വദേശി രാജേന്ദ്രനാണ് (39) കേസിലെ പ്രതി. ഇയാൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്.
2022 ഫെബ്രുവരി ആറിനായിരുന്നു നഗരത്തെ നടുക്കിയ സംഭവം. വിനീതയുടെ സ്വർണമാല കവർച്ച ചെയ്യാനായിരുന്നു കൊലപാതകം. ചെടികൾക്ക് വെള്ളമൊഴിക്കാൻ നഴ്സറിയിലെത്തിയ വിനീതയെ പേരൂർക്കടയിലെ ടീസ്റ്റാൾ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ ചെടി വാങ്ങാനെന്ന വ്യാജേന എത്തി കൊലപ്പെടുത്തുകയായിരുന്നു.
മൂന്ന് കൊലക്കേസിലടക്കം പ്രതിയായ രാജേന്ദ്രൻ എപ്പോഴും ആയുധവുമായാണ് നടക്കുന്നത്. ലോക്ഡൗൺ കാലത്ത് തലസ്ഥാനം പൂർണമായും പൊലീസ് നിരീക്ഷണത്തിലും സുരക്ഷയിലും ഇരിക്കെ ഉച്ചയോടെ അമ്പലംമുക്ക് കുറവൻകോണം റോഡിലെ ‘ടാപ്സ് ഗ്രീൻ ടെക് അഗ്രി’ എന്ന സ്ഥാപനത്തിൽ പ്രതി എത്തുകയായിരുന്നു.
രണ്ടുവർഷം മുമ്പ് ഹൃദ്രോഗിയായ ഭർത്താവ് മരിച്ച വിനീത ഒമ്പത് മാസം മുമ്പാണ് ഈ സ്ഥാപനത്തിൽ ജോലിക്കെത്തിയത്. രാജേന്ദ്രൻ കത്തി ഉപയോഗിച്ച് വിനീതയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയശേഷം മാലയുമായി രക്ഷപ്പെട്ടു. ഇയാളെ ഫെബ്രുവരി 11ന് തിരുനൽവേലിക്ക് സമീപത്തെ കാവൽകിണറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.