സംഗീത-ഫൈൻ ആർട്സ് കോളജ് വിദ്യാർഥികളുടെ കലാസംഗീത സമന്വയം ശനിയാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സംഗീത-ഫൈൻ ആർട്സ് കോളജ് വിദ്യാർഥികളുടെ യോജിച്ചുള്ള കലാസംഗീത സമന്വയം 'സ '22' ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് മന്ത്രി ബിന്ദു ഉദ്‌ഘാടനം ചെയ്യും.

കലാവിദ്യാർഥികൾക്ക് പഠനത്തോടൊപ്പം കലാലയത്തോട് ചേർന്ന് തൊഴിലും നൽകുന്ന മിനി ഇൻഡസ്ട്രിയൽ യൂനിറ്റുകൾക്ക് ഫൈൻ ആർട്സ് കോളജുകളിൽ തുടക്കമിടുന്നതിന്‍റെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സംഗീത-ഫൈൻ ആർട്സ് കോളജുകളായ തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ. സംഗീത കോളജ്, തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളജ്, പാലക്കാട് ചെമ്പൈ മെമ്മോറിയൽ സർക്കാർ സംഗീത കോളജ്, തൃശൂർ എസ്.ആർ.വി സംഗീത കോളജ്, വിവിധ ഫൈൻ ആർട്സ് കോളജുകൾ എന്നിവിടങ്ങളിലെ മുന്നൂറോളം വിദ്യാർഥികളും അധ്യാപകരുമാകും 'സ '22' ലെ കലാവതാരകർ.

സംഗീത കോളജുകളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും അവതരണങ്ങളും ഫൈനാർട്സ് കോളജ് വിദ്യാർഥികൾ നിർമിച്ച ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും പ്രദർശനവുമാണ് ആകർഷണം.

ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച മിനി ഇൻഡസ്ട്രിയൽ യൂനിറ്റ് സ്ഥാപിക്കാൻ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിന് ഒരു കോടി രൂപയുടെ ഭരണാനുമതി നൽകി. പൊതുസ്ഥലങ്ങളിൽ ഉപയോഗശൂന്യവസ്തുക്കൾകൊണ്ട് ശിൽപങ്ങൾ നിർമിച്ച് സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളാണ് മിനി ഇൻഡസ്ട്രിയൽ യൂനിറ്റ് ഏറ്റെടുക്കുകയെന്നും മന്ത്രി അറിയിച്ചു.  

Tags:    
News Summary - Music and fine arts college students art music ensemble from saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.