നേമം: ചെറുവല്ലിയിലെ താമസക്കാരുടെ വഴിമുടക്കി പൊലീസിന്റെ തൊണ്ടിമുതലുകൾ റോഡിൽ. വിളപ്പിൽശാല പൊലീസ് സ്റ്റേഷന് മുന്നിലുള്ള ചെറുവല്ലി റോഡിലാണ് വിവിധ കേസുകളിൽ കസ്റ്റഡിയിലെടുത്ത തൊണ്ടിവാഹനങ്ങൾ പൊലീസ് നിരത്തിയിട്ടിരിക്കുന്നത്. ഒരു സ്കൂട്ടർ പോയാൽ കാൽനടയാത്രക്കാരന് നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് ഈ പഞ്ചായത്ത് റോഡിന്.
വിളപ്പിൽശാല ക്ഷേത്ര ജങ്ഷനിലെ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷൻ 2019 ലാണ് ചെറുവല്ലി റോഡിൽ പുതിയ കെട്ടിടം നിർമിച്ച് മാറ്റിസ്ഥാപിച്ചത്. തുടക്കകാലത്ത് തൊണ്ടിവാഹനങ്ങളും സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നതിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞുകിടന്ന പറമ്പാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ കാലക്രമേണ 'തൊണ്ടി'യും 'പാർക്കിങ്ങും' ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസ്സിലാക്കി സ്വകാര്യവ്യക്തി വസ്തു വേലികെട്ടി സംരക്ഷിച്ചു. ഇതോടെ പൊലീസ് റോഡുതന്നെ പാർക്കിങ് യാഡാക്കുകയായിരുന്നു.
കേസുകൾ കോടതിയിൽ തീർപ്പാകുന്നതുവരെ വാഹനങ്ങൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. പാർക്കിങ്ങിന് സമീപത്ത് എവിടെയെങ്കിലും ഭൂമി വാങ്ങിനൽകാമെന്ന് പഞ്ചായത്ത് ഉറപ്പുനൽകിയിരുന്നെങ്കിലും പാലിച്ചില്ല. ചെറുവല്ലി റോഡിൽ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്കൂൾ വാനുകൾ അടക്കമുള്ള വാഹനങ്ങൾക്ക് നിലവിൽ ഈ റോഡിലൂടെ പോകാനാവില്ല. പൊലീസ് സ്റ്റേഷന് എത്രയും വേഗം പാർക്കിങ് ഏരിയ പഞ്ചായത്ത് കണ്ടെത്തി നൽകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.