നെയ്യാറ്റിൻകര: രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. തിരുവല്ലം വില്ലേജിൽ പുഞ്ചക്കരി തിരുവഴിമുക്ക് സൗമ്യ കോട്ടേജിൽ ചുക്രൻ എന്നും അപ്പുകുട്ടൻ എന്നും വിളിക്കുന്ന ബാലാനന്ദ (89)നെയാണ് ജീവപര്യന്തം കഠിനതടവിനും അമ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ച് നെയ്യാറ്റിൻകര അഡീഷനൽ ജില്ല ജഡ്ജി എ.എം. ബഷീർ വിധി പ്രസ്താവിച്ചത്. പിഴത്തുക കെട്ടിവക്കാത്ത പക്ഷം ആറുമാസം അധിക തടവും വിധിയിലുണ്ട്.
2022 ഡിസംബറിലാണ് തിരുവല്ലം വില്ലേജിൽ മേനിലം തിരുവഴിമുക്ക് ജങ്ഷനിൽ സൗമ്യകോട്ടേജിൽ ജഗദമ്മ(82) കൊല്ലപ്പെട്ടത്. പ്രതി ബാലാനന്ദന്റെ രണ്ടാം ഭാര്യയാണിവർ. പ്രതിയും ആദ്യ ഭാര്യയിലെ മകൾ സൗമ്യയും ജഗദമ്മയും ഇരുനില വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞുവന്നിരുന്നത്. ആദ്യ ഭാര്യയിലെ മക്കൾ വീട്ടിൽ വരുന്നത് ബാലാനന്ദന് ഇഷ്ടമില്ലായിരുന്നു. എന്നാൽ മക്കളില്ലാത്ത ജഗദമ്മ അവരെ വീട്ടിൽ കയറ്റി സൽക്കരിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. മകൾ സൗമ്യ യുടെ മൊഴി കോടതിയിൽ നിർണായകമായി. കൂടാതെ കൃത്യം നടന്ന വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ തെളിവായി പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമം 302 പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. പ്രതിയുടെ വർധക്യം പരിഗണിച്ച് ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ മുൻ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 10 പ്രകാരം പുരുഷൻ എന്നാൽ ‘പ്രായപൂർത്തിയായ ഏതുവയസ്സിലും പെട്ടയാൾ’ എന്ന വിശദീകരണം പരിഗണിക്കണം എന്ന േപ്രാസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
േപ്രാസിക്യൂഷൻഭാഗം 24 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകളും കേസിൽപെട്ട 18 വസ്തുക്കളും കോടതിയിൽ ഹാജരാക്കി. തിരുവല്ലം പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന രാഹുൽ രവീന്ദ്രൻ ആണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ കോടതിയിൽ ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീകല കോർട്ട് ലൈസൺ ഓഫിസർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.