ആറ്റിങ്ങൽ: ഇൻഷുറൻസ് പുതുക്കലിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നതായി ആക്ഷേപം. മുദാക്കൽ പഞ്ചായത്തിലെ ചില വാർഡുകൾ കേന്ദ്രീകരിച്ചാണ് ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ എന്ന പേരിൽ വൻ തട്ടിപ്പ്. ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ എന്ന വ്യാജേനയാണ് ആളുകളെ വാർഡിലെ ചില കേന്ദ്രങ്ങളിൽ എത്തിക്കുന്നതത്രെ. അവിടെവെച്ച് ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു എന്ന് വിശ്വസിപ്പിച്ച് 50 രൂപ ഈടാക്കുന്നത്.
നിലവിലെ കാർഡ് തന്നെയാണ് പ്രിന്റ് എടുത്ത് നൽകുന്നത് എന്ന് കണ്ടെത്തിയവർ ‘ദിശ’യുമായി ബന്ധപെട്ടു. അവിടെ നിന്ന് ലഭിച്ച വിവരം ഒരു ഏജൻസികളെയോ പുതുക്കലിന് ചുമതലപ്പെടുത്തിയിട്ടില്ല എന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ നിലവിൽ ഇല്ല എന്നുമാണ്. ദിശയിൽ നിന്നും ഇത് സംബന്ധിച്ച പരാതി കളക്ടർക്ക് ഫോർവേഡ് ചെയ്തു. ഡാറ്റ കളക്ഷനും സാമ്പത്തിക തട്ടിപ്പുമാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ക്യാമ്പ് കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തിയിരുന്നു. തട്ടിപ്പിലൂടെ ശരാശരി ആയിരം പേരുള്ള ഒരു വാർഡിൽ ക്യാമ്പ് നടത്തിപ്പിൽ നിന്നും അൻപതിനായിരം രൂപ വരെ ഇവർ കൈക്കലാക്കും. ഒപ്പം വാർഡിലുള്ള ആളുകളുടെ ആധാർ ഡാറ്റയും, ഫോൺ നമ്പരും. മുദാക്കൽ പഞ്ചായത്തിലെ വാളക്കാട്, ഊരുപൊയ്ക എന്നീ വാർഡുകളിൽ സംഘടിപ്പിച്ച ക്യാമ്പ് സി.പി.എം തടഞ്ഞു.
സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം എം.ബി.ദിനേശ്, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റ് ആർ.പി.നന്ദു രാജ്, മുദാക്കൽ പഞ്ചായത്തംഗം എ.ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. കിഴുവിലം പഞ്ചായത്തിലും ഇത്തരം ക്യാമ്പുകൾ ചില വാർഡുകളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
മുദാക്കൽ പഞ്ചായത്തിൽ ഇത്തരം വ്യാജ ക്യാമ്പുകൾക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി എസ്.സുഖിൽ , പ്രസിഡൻ്റ് ആർ.പി നന്ദു രാജ്, എം.ബി.ദിനേശ്, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.