തിരുവനന്തപുരം: ദേശീയ ആരോഗ്യദൗത്യത്തിൽ നിന്ന് ഈ മാസവും ഫണ്ട് ലഭിക്കാത്തതിനാൽ 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം മുടങ്ങുന്ന സ്ഥിതി. 80 കോടി രൂപയിലേറെ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കരാർ കമ്പനിക്ക് ലഭിക്കാനുള്ള സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പള കാര്യത്തിലും ബുദ്ധിമുട്ട് നേരിടുന്നത്. സംസ്ഥാന സർക്കാറിന്റെ 60 ശതമാനം ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 40 ശതമാനം ഫണ്ടിലുമാണ് സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലും സംസ്ഥാന സർക്കാർ വിഹിതം കൃത്യമായി ലഭിച്ചില്ല. ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് ലഭിക്കാനുള്ള 15 കോടിയിലേറെ രൂപ പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷനും ലഭിച്ചില്ല. നടപ്പ് സാമ്പത്തികവർഷവും സ്ഥിതി ഇതു തന്നെ. ഫണ്ട് അപര്യാപ്തത കാരണം കഴിഞ്ഞമാസവും 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം വൈകിയിരുന്നു. ജീവനക്കാർ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കുമെന്നായപ്പോഴാണ് ശമ്പളം നൽകിയത്.
ശമ്പളപ്രതിസന്ധി വന്നതോടെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള റഫറൻസ് കേസുകൾ എടുക്കാതെ ജീവനക്കാർ നിസ്സഹകരണ സമരം നടത്തിയിരുന്നു. കുടിശിക തുക ലഭിച്ചില്ലെങ്കിൽ ജൂൺ മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കമ്പനി. മുൻ സാമ്പത്തിക വർഷവും സർക്കാർ വിഹിതം പൂർണമായും നൽകിയെങ്കിലും ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്നുള്ള ഫണ്ട് കുടിശികയായി. ഇക്കുറിയും സ്ഥിതി സമാനമാണെങ്കിൽ അത് പദ്ധതിയെ ബാധിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.