പോത്തൻകോട്: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ അഭിഭാഷകന് 42 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് മുറമേൽ ഹിൽവ്യൂ ഹൗസിൽ ഷാജിക്കാണ് ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നഷ്ടമായത്.
വൻ തുക ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. വാട്സ്ആപ്പിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. ശേഷം അമേരിക്കൻ ആസ്ഥാന കമ്പനിയായ എൻ.ജി.സി ട്രെഡിങ് ആൻഡ് മൈനിങ് എന്ന വ്യാജ പ്ലാറ്റ്ഫോം നിർമിച്ച് ഇതിന്റെ രണ്ട് ലിങ്കുകൾ വാട്സ്ആപ് വഴി അയച്ചുകൊടുത്തു. ഇത് ഗൂഗ്ൾ ക്രോം വഴിയും മൊബൈൽ ആപ് വഴിയിലും ഡൗൺലോഡ് ചെയ്യാനും പറഞ്ഞു.
2024 മേയ് മുതൽ ആഗസ്റ്റ് വരെ കാലയളവിൽ പലതവണകളിലായി 42 ലക്ഷം രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ആദ്യ രണ്ട് തവണ ചെറിയ തുകകൾ ലാഭമായി നൽകിയശേഷം പത്ത് ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ട്രേഡിങ് ലാഭവിഹിതം ഉൾപ്പെടെയുള്ള തുക പിൻവലിക്കാൻ കൂടുതൽ പൈസ അടക്കണം എന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് അഭിഭാഷകൻ പല ഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് 42 ലക്ഷം രൂപ നൽകുകയായിരുന്നു. പിന്നീട് തുക പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. കേരളത്തിന്ന് പുറത്തുള്ളവരാണ് തട്ടിപ്പിന് നേതൃത്വം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.