വിതുര: തൊളിക്കോട് ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ പെട്രോൾ തലയിൽ ഒഴിച്ച് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ പ്രതിഷേധം. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റിന്റെ സീറ്റിനടുത്തെത്തി കോൺഗ്രസ് നേതാവ് തോട്ട്മുക്ക് അൻസറാണ് തലയിലൂടെ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
സി.പി.എം നേതൃത്വത്തിലുള്ളതാണ് പഞ്ചായത്ത് ഭരണ സമിതി. ഭരണപക്ഷ അംഗങ്ങളുടെ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണെന്നും കമ്മിറ്റിയിൽ എടുക്കാത്ത തീരുമാനങ്ങൾ പിന്നീട് മിനിട്സിൽ ചേർത്ത് നടപ്പാക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അൻസർ കത്ത് സമർപ്പിച്ചിരുന്നു. അജണ്ടകൾ എടുക്കുന്നതിന് മുമ്പ് ഇത് വായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങി. അജണ്ടകൾ പൂർത്തീകരിച്ച് കത്തുകളുടെ കൂട്ടത്തിൽ ചർച്ച ചെയ്യാമെന്ന് പ്രസിഡന്റ് വി.ജെ. സുരേഷ് അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
പ്രതിഷേധത്തിനിടെ യോഗ നടപടികളുമായി ഭരണപക്ഷം മുന്നോട്ട് പോകാൻ ശ്രമിച്ചതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ ഡയസിലെത്തിയത്. തുടർന്ന് അൻസർ സ്വന്തം തലയിലൂടെ പെട്രോൾ ഒഴിക്കുകയായിരുന്നു. ഭരണ, പ്രതിപക്ഷ അംഗങ്ങൾ വെള്ളമൊഴിച്ച് അപകടാവസ്ഥ ഒഴിവാക്കി. പിന്നീട് പ്രസിഡന്റിന്റെ മുറിയിൽ ഭരണപക്ഷ അംഗങ്ങൾ യോഗം തുടർന്നു. ഇത് ചോദ്യം ചെയ്ത കോൺഗ്രസ് അംഗം പ്രതാപനെ പ്രസിഡന്റ് കൈയേറ്റം ചെയ്തതായി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എൻ.എസ്. ഹാഷിം ആരോപിച്ചു.
പിന്നീട് പ്രതിപക്ഷം സെക്രട്ടറിയെ ഓഫിസിൽ തടഞ്ഞ് വെച്ചു. വൈകീട്ട് അഞ്ചിന് ശേഷം െപാലീസെത്തി അംഗങ്ങളായ ഷെമി ഷംനാദ്, ചായം സുധാകരൻ, പ്രതാപൻ, തോട്ട്മുക്ക് അൻസർ, എൻ.എസ്. ഹാഷിം എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അജണ്ട കത്തിക്കാനായിരുന്നു പെട്രോൾ കൊണ്ടുവന്നതെന്നും സംഘർഷത്തിനിടയിൽ അൻസറിന്റെ ദേഹത്ത് വീഴുകയായിരുന്നുവെന്നും എൻ.എസ്. ഹാഷിം പറഞ്ഞു.
അതേസമയം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റേത് കരുതിക്കൂട്ടിയുള്ള നടപടിയായിരുന്നുവെന്ന് പ്രസിഡന്റ് വി.ജെ. സുരേഷ് പറഞ്ഞു. പ്രസിഡന്റിനെയും കൊല്ലും ഞാനും മരിക്കുമെന്ന ആക്രോശവുമായാണ് സമീപമെത്തി പെട്രോൾ ഒഴിച്ചത്. ഭരണസമിതി ഒന്നടങ്കം ഇടപെട്ടതിനാലാണ് ദുരന്തം ഒഴിവായത്- സുരേഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.