തിരുവനന്തപുരം: വീട്ടുകരം തട്ടിപ്പ് ആരോപിച്ച് ബി.ജെ.പി കൗണ്‍സിലർമാർ നടത്തുന്ന സമരത്തിനിടെ കോര്പറേഷന് ഹാളില്‍ നാടകീയരംഗങ്ങള്‍. വെള്ളിയാഴ്ച ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ മേയര്‍ ആര്യ രാജേന്ദ്രനെ വഴിയിൽ കിടന്ന് തടയാൻ ബി.ജെ.പി വനിത കൗൺസിലർ ശ്രമിച്ചതും മേയർക്ക് സംരക്ഷണമൊരുക്കാൻ സി.പി.എം കൗൺസിലർമാർ രംഗത്തെത്തിയതും ഒരുഘട്ടത്തിൽ കൗൺസിലിെൻറ നിയന്ത്രണം പൊലീസിന് ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടാക്കി. കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശിക്കാനുള്ള എല്ലാ കവാടങ്ങളും ബി.ജെ.പി അംഗങ്ങള്‍ ഉപരോധിച്ചതോടെ പൊലീസ് അകമ്പടിയോടെയാണ് മേയർ ഹാളിലേക്ക് പ്രവേശിച്ചത്. 10 മിനിറ്റിനുള്ളിൽ അജണ്ടകൾ പാസാക്കി മടങ്ങി.
ഉച്ചക്ക് 2.30ന് യോഗം ആരംഭിക്കുംമുമ്പ് ചേംബറില്‍നിന്ന് ഡയസിലേക്കെത്താന് ശ്രമിച്ച മേയറെ തടസ്സപ്പെടുത്തി ബി.ജെ.പിയുടെ വനിത കൗൺസിലർമാർ കിടന്ന് പ്രതിഷേധിച്ചു. ആദ്യം പിന്‍വാങ്ങിയ മേയര്‍ പിന്നീട് ഇവരെ മറികടന്ന് ഡയസിലെത്തി. മേയർക്ക് പൊലീസ് സുരക്ഷ ഒരുക്കിയതോടെ ഭരണപക്ഷ കൗണ്‍സിലര്‍മാരും യു.ഡി.എഫ് കൗണ്‍സിലര്‍മാരും കൈവരി ചാടിക്കടന്നും മറ്റുമാണ് കൗൺസിൽ ഹാളിലെ സീറ്റുകളിലെത്തിയത്. ബി.ജെ.പി കൗണ്‍സിലര്‍മാരായ കരമന അജിത്, എം.ആര്. ഗോപന്, ഗിരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ കൗണ്‍സില്‍ നടുത്തളത്തിലെത്തി മുദ്രാവാക്യം മുഴക്കിയപ്പോൾ യു.ഡി.എഫ് അംഗങ്ങൾ പ്ലക്കാര്‍ഡുകളും ബോര്ഡുകളുമേന്തി നടുത്തളത്തിലെത്തി.
ബഹളത്തിനിടെ നെടുമുടി വേണുവിെൻറ വിയോഗത്തിൽ അനുശോചനപ്രമേയം മേയര്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഡി.ആര്. അനില്‍ അജണ്ട അവതരിപ്പിച്ചു. പ്രതിപക്ഷ സമരത്തിനെതിരെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സലിം പ്രസംഗിക്കുകകൂടി ചെയ്തതോടെ വാക് പോര് രൂക്ഷമായി. ഇതിനിടയില്‍ അജണ്ടകള്‍ പാസായതായും യോഗം വിജയകരമായി അവസാനിച്ചതായും പ്രഖ്യാപിച്ച് മേയര്‍ മടങ്ങി. മേയർ മടങ്ങിയതിന് പിന്നാലെ കവാടത്തിന് മുന്നില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ഇതോടെ പൊലീസ് കൗണ്‍സിലര്‍മാരായ ഷീജാ മധുവിനെയും മഞ്ജു ജി.എസിനെയും ബലപ്രയോഗത്തിലൂടെ കവാടത്തില്‍നിന്ന് നീക്കി.
മാതൃകപരമായ നടപടി സ്വീകരിച്ചു –മേയർ
തിരുവനന്തപുരം: സോണൽ ഓഫിസിലെ ക്രമക്കേടിൽ മാതൃകാപരമായ നടപടികളാണ് ഭരണസമിതി സ്വീകരിച്ചതെന്ന് മേയർ ആര്യ രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയതും മുഴുവൻ സോണൽ ഓഫിസുകളിലും അന്വേഷണം വ്യാപിപ്പിച്ചതും ഭരണസമിതിയാണ്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിെൻറ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയവരെ സസ്പെൻഡ് ചെയ്തു. ഈ മാസം അവസാനം തന്നെ നികുതി കുടിശ്ശിക ലിസ്റ്റ് പ്രസിദ്ധീകരിക്കും. നവംബര്‍ പകുതിയോടെ പരാതി പരിഹാരത്തിന് അദാലത് സംഘടിപ്പിക്കുമെന്നും പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഡി.ആർ. അനിൽ, സലീം, ജിഷ, സെക്രട്ടറി ബിനു ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.
യു.ഡി.എഫുമായുള്ള ചർച്ച അലസി
തിരുവനന്തപുരം: യു.ഡി.എഫ് കൗൺസിലർമാർ നടത്തിവരുന്ന സത്യഗ്രഹ സമരം ഒത്തുതീർക്കാൻ മേയർ വിളിച്ച യോഗം അലസി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വാർഡ്തലത്തിൽ കുടിശ്ശിക ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷണവിധേയമാക്കണമെന്നും യു.ഡി.എഫ് പ്രതിനിധികൾ ആവശ്യപ്പെെട്ടങ്കിലും അറസ്റ്റ് പൊലീസിെൻറ ജോലിയാണെന്ന മറുപടിയിൽ ചർച്ച തടസ്സപ്പെട്ടു. ചർച്ചയിൽ യു.ഡി.എഫ് ലീഡർ പി. പത്മകുമാർ, ജോൺസൺ ജോസഫ്, പി. ശ്യാംകുമാർ എന്നിവരും എൽ.ഡി.എഫിൽനിന്ന് മേയർ, ഡെപ്യൂട്ടി മേയർ, ഡി.ആർ. അനിൽ, പാളയം രാജൻ, സലിം എന്നിവരും പങ്കെടുത്തു. പത്താം ദിവസത്തെ സത്യഗ്രഹം ഡി.സി.സി മുൻ പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, ബീമാപള്ളി റഷീദ്, കൊട്ടാരക്കര പൊന്നച്ചൻ തുടങ്ങിയവർ സംസാരിച്ചു.
ബി.ജെ.പിയുടെത് ജനാധിപത്യത്തോടുള്ള അവഹേളനം –ആനാവൂർ നാഗപ്പൻ
തിരുവനന്തപുരം: സംഘർഷം സൃഷ്ടിച്ച് കൗൺസിൽ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ മുഖം ഒരിക്കൽകൂടി വ്യക്തമായതായി സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. കൈയൂക്കിെൻറ കരുത്തിൽ കൗൺസിൽ തടസ്സപ്പെടുത്തി നഗരവികസനം അട്ടിമറിക്കാനാണ് ശ്രമം. ഇത് അംഗീകരിക്കാനാകില്ല. നഗരവാസികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബി.ജെ.പിയുടെയും യു.ഡി.എഫിെൻറയും നീക്കം തിരിച്ചറിയണമെന്നും ആനാവൂർ കൂട്ടിച്ചേർത്തു.
ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു –ബി.ജെ.പി
തിരുവനന്തപുരം: വീട്ടുകരം വെട്ടിപ്പുകാരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാറും കോർപറേഷനും ചേർന്ന് ജനാധിപത്യത്തെ കശാപ്പുചെയ്യുന്നെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ്. സമാധാനപരമായി സമരം ചെയ്ത ജനപ്രതിനിധികളെ കൗൺസിൽ ഹാളിൽനിന്ന് പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചത് പ്രതിഷേധാർഹമാണ്. എൽ.ഡി.എഫും കോർപറേഷൻ ഭരണസമിതിയും ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇനിയെങ്കിലും സർക്കാർ തയാറാകണം. അല്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.