തിരുവനന്തപുരം: കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ടിൽ മൂന്ന് ദിവസമായി നടന്ന ജില്ല സ്കൂൾ കായികമേളക്ക് കൊടിയിറങ്ങുമ്പോൾ ബാക്കിയായത് പൊതുവിദ്യാലയങ്ങളുടെ കിതപ്പും സർക്കാർ ഉടമസ്ഥതയിൽതന്നെയുള്ള മൈലം ജി.വി. രാജ സ്പോർട്സ് സ്കൂളിന്റെ കുതിപ്പും. സ്പൈക്സും ഷൂവുമില്ലാതെ സിന്തറ്റിക് ട്രാക്കില്‍ മത്സരിക്കാനെത്തിയ കുട്ടികള്‍ കായിക സ്കൂളിലെ കുട്ടികള്‍ക്ക് മുന്നില്‍ പതറിയപ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനേ മക്കളുടെ വിജയം പ്രതീക്ഷിച്ചെത്തിയ രക്ഷിതാക്കൾക്കും കായികാധ്യാപകർക്കും കഴിഞ്ഞുള്ളൂ.
ജി.വി രാജ, അയ്യൻകാളി മെമോറിയൽ, ആറ്റിങ്ങൽ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റല്‍, സായി എൽ.എൻ.സി.പി.ഇ എന്നീ കായിക സ്കൂളുകളുടെ മെഡൽ വേട്ടക്കിടയിലും ഒരു തരി കനലായി എരിയാൻ കഴിഞ്ഞത് അരുമാനൂർ എം.വി എച്ച്.എസ്.എസിനും വിതുര വി ആൻഡ് എച്ച്.എസ്.എസിനും നെടുമങ്ങാട് ഗേൾസ് സ്കൂളിനും മാത്രമാണ്. 95 ഫൈനലുകളിൽ നിന്ന് 12 സ്വർണം മാത്രമാണ് തലസ്ഥാനത്തെ ഈ മൂന്ന് സ്കൂളുകൾക്കും കൂടി നേടാനായത്. 477 സ്കൂളുകളിൽ കേവലം 56 സ്കൂളുകൾക്ക് മാത്രമാണ് ജില്ല തലത്തിൽ ഒരു മൂന്നാം സ്ഥാനമെങ്കിലും നേടാനായത്. അതേസമയം 45 സ്വർണം, 28 വെള്ളി, ഒമ്പത് വെങ്കലമുൾപ്പടെ 82 മെഡലുകളാണ് ജി.വി രാജ നേടിയത്.
രണ്ടുകോടി ചെലവിട്ട് തലസ്ഥാനത്ത് കായിക ഉച്ചകോടിയും 100 കോടിയോളം ചെലവിട്ട് അർജന്റീന ഫുട്ബാൾ ടീമിനെയും കേരളത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന സർക്കാർ, എത്രമാത്രം സർക്കാർ സ്കൂളകളിൽ പഠിക്കുന്ന കായിക പ്രതിഭകളെ തഴയുന്നുവെന്ന് മനസിലാക്കാൻ കഴിഞ്ഞ മൂന്നു ദിവസം കാര്യവട്ടത്തേക്ക് മാത്രം നോക്കിയാൽ മതിയാകും.
വൈകീട്ടത്തെ സ്കൂൾ ബെല്ലിന് ശേഷം ഒരു മണിക്കൂർ ഗ്രൗണ്ടിലെ ഓട്ടവും ചാട്ടവുമാണ് പല സർക്കാർ സ്കൂളിലെയും കായികാധ്യാപനം. അതിന് അപവാദമായി നിൽക്കുന്ന സ്കൂളുകളും കായികാധ്യാപകരുമുണ്ട്. അവരുടെ അധ്വാനത്തിന്റെ ഫലം പോയന്റ് ടേബിളിലുമുണ്ട്. മെച്ചപ്പെട്ട ഗ്രൗണ്ടും സൗകര്യങ്ങളും നൽകിയാൽ ഒരു പക്ഷേ കായിക സ്കൂളുകളിലെ കുട്ടികളെക്കാളും ഉയർന്നുവരാൻ കഴിവുള്ള താരങ്ങൾ ക്ലാസ് മുറികളിലുണ്ടെങ്കിലും അതിലൊന്നിലും പൊതുവിദ്യാഭ്യാസ വകുപ്പിനോ കായികവകുപ്പിനോ താൽപര്യമില്ലെന്നതാണ് സത്യം.
നഗ്നപാദരായി മണ്ണിലൂടെ ഓടി പഠിച്ച കുട്ടികൾക്ക് സിന്തറ്റിക് ട്രാക്കിലേക്ക് എത്തുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാനാകുന്നില്ലെന്ന് അരുമാനൂർ സ്കൂളിലെ പരിശീലകനായ അഖിൽ പറയുന്നു. കഴിഞ്ഞ ഏതാനും വർഷമായി ജില്ലയിലെ മികച്ച കായിക സ്കൂളായി തെരഞ്ഞെടുക്കപ്പെടുന്ന അരുമാനൂരിന് പോലും മികച്ച കായിക സൗകര്യങ്ങൾ അന്യമാണ്.
ഹൈജമ്പ് പരിശീലനത്തിടെ താഴെവീണ് പരിക്കേറ്റ നെടുമങ്ങാട് ദർശന ഹയർ സെക്കൻഡി സ്കൂളിലെ എട്ടാംക്ലാസുകാരൻ ശ്രീഹരി ഒടിഞ്ഞ വലതുകൈയുമായാണ് ലോങ്ജമ്പ് മത്സരത്തനെത്തിയത്. സ്കൂളിൽ ജമ്പിങ് മാറ്റ് ഇല്ലാത്തതാണ് ശ്രീഹരിയുടെ സംസ്ഥാന കായികമേള സ്വപ്നങ്ങൾക്ക് വഴിയടച്ചത്.
മതിയായ പരിശീലനമില്ലാതെ പോൾവാൾട്ടിൽ മത്സരിക്കാനെത്തിയ സീനിയർ താരങ്ങളെ കൂട്ടത്തോടെ ആയോഗ്യരാക്കുന്നതിനും കായികമേള സാക്ഷ്യംവഹിച്ചു. ഉപജില്ലയിൽ മത്സരം നടത്താതെയാണ് പോൾവാൾട്ടിൽ കുട്ടികളെ ജില്ലയിലേക്ക് അയച്ചത്. പലർക്കും പോൾ പിടിക്കാൻ പോലും അറിയില്ലായിരുന്നു. ലക്ഷങ്ങൾ വരുന്ന പോൾ വാങ്ങാൻ കാശില്ലാത്തതിനാൽ മുളവടിയും ഇരുമ്പ് കുഴലുമായാണ് ചിലർ എത്തിയത്. എന്നാൽ മണ്ണിൽ കുത്തി ചാടി പരിചയമുള്ളവർക്ക് കാര്യവട്ടത്തെ അന്താരാഷ്ട്ര നിലവാരമുള്ള ജമ്പിങ് പിറ്റിൽ പിഴച്ചു.
ചാടി പരിക്കേൽക്കുമെന്ന അവസ്ഥവന്നപ്പോൾ മത്സരം നിയന്ത്രിക്കാൻ നിന്ന ചീഫ് ജഡ്ജിന് ഒടുവിൽ കുട്ടികളെ പോൾ പിടിക്കാൻ പഠിപ്പിക്കേണ്ടിവന്നു. സ്പൈക്ക് വാങ്ങാൻ കാശില്ലാത്തതിനാൽ ചുട്ടുപഴുത്ത സിന്തറ്റിക് ട്രാക്കിൽ നഗ്നപാദരായി ഓടി പലരുടെയും കാലുകൾ പൊട്ടി.
പലരും മത്സരശേഷം ട്രാക്കിന് സമീപത്തിരുന്ന് കരഞ്ഞു. പലരും മത്സരപാതിയിൽ കുഴഞ്ഞുവീണു. കമ്പുകൾ മണ്ണിൽ കുത്തി ഹഡിൽസ് ചാടിപ്പടിച്ച കുട്ടികളിൽ പലരും സിന്തറ്റിക് ട്രാക്കിൽ വീണ് രക്തംപുരണ്ടാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.