നെടുമങ്ങാട്: മംഗലപുരം-തേക്കട-വിഴിഞ്ഞം ഔട്ടർ റിങ് റോഡ് നിർമാണത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചതോടെ ഭൂമി ഏറ്റെടുക്കലും നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി (എസ്.ഇ.ഐ.എ.എ) ആണ് ഈ മാസം 15ന് അനുമതി നൽകിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തലസ്ഥാന നഗരവികസന പദ്ധതി പ്രകാരം അനുമതിക്ക് അപേക്ഷ സമർപ്പിച്ചത്.
വിഴിഞ്ഞം -തേക്കട -മംഗലപുരം, തേക്കട-നാവായിക്കുളം ഔട്ടർ റിങ് റോഡിൽ വിഴിഞ്ഞം-തേക്കട-മംഗലപുരം റോഡിന്റെ നിർമാണത്തിനാണ് പാരിസ്ഥിതികാനുമതി ലഭിച്ചത്. തേക്കട മുതൽ നാവായിക്കുളം വരെയുള്ള റോഡിന്റെ നിർമാണത്തിന് പാരിസ്ഥിതിക്കാനുമതി നടപടികൾ പുരോഗമിക്കുകയാണ്. രണ്ടു മേഖലകളായി തിരിച്ചാണ് റോഡ് നിർമിക്കുന്നത്.
തേക്കടയിൽ തുടങ്ങി വിഴിഞ്ഞത്ത് അവസാനിക്കുന്ന ആദ്യ സെക്ഷന് 35.314കി. മീറ്റർ നീളവും തേക്കടയിൽ ആരംഭിച്ചു മംഗലപുരത്തു അവസാനിക്കുന്ന രണ്ടാം സെക്ഷന് 12.659കി. മീറ്റർ നീളവും. ആകെ 47.973 കി. മീറ്റർ ദൂരത്തിലാണ് 70 മീറ്റർ വീതിയിൽ നാലുവരിപ്പാത നിർമിക്കുന്നത്.
ഭാവിയിൽ ഇത് ആറുവരിയാക്കി മാറ്റാനാവുന്ന തരത്തിലാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കുന്നത്. റോഡിൽ മൂന്ന് പ്രധാന ക്രോസിങ് ഉൾപ്പെടെ 64 ക്രോസിങ്ങുകളുണ്ടാവും. റോഡ് മുറിച്ചുപോകുന്ന കരമനയാർ, കിള്ളിയാർ എന്നിവകൾക്ക് മുകളിലൂടെയും അല്ലാതെയുമായി 13പാലങ്ങളും നിർമിക്കും.
വിഴിഞ്ഞം മുതൽ മംഗലപുരം വരെയും നാവായിക്കുളം വരെയും റോഡ് നിർമാണത്തിന് 314 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനമിറങ്ങിയ ഉടനെ ഏറ്റെടുക്കേണ്ട ഭൂമി അളന്നു കല്ലിടുന്ന പ്രവൃത്തി ആരംഭിച്ചിരുന്നു.
മംഗലപുരം -തേക്കട -വിഴിഞ്ഞം റോഡിനായി തിരുവനന്തപുരം, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ 16 വില്ലേജുകളിൽനിന്ന് ഭൂമി ഏറ്റെടുക്കും. മേയ് മാസത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി ജൂലൈയോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുമാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.