തിരുവനന്തപുരം: എഴുത്തിനെ രാഷ്ട്രീയപ്രവർത്തനമായാണ് കാണുന്നതെന്ന് സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ‘സമകാലീന നോവലിന്റെ സഞ്ചാരവഴികൾ’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നിലവിലെ വ്യവസ്ഥയോടുള്ള തന്റെ കലഹങ്ങൾതന്നെയാണ് എഴുത്തിലും പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രമേയത്തിലും ആഖ്യാനരീതിയിലും പുതുമ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് മലയാള നോവൽ സാഹിത്യം കടന്നുപോകുന്നതെന്ന് ഡോ. ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ജൈവവും അജൈവവുമായ ഘടകങ്ങൾ ഇതിവൃത്തമാകുന്ന മലയാള കൃതികൾ ഇപ്പോൾ കൂടുതൽ വായിക്കാനാകുന്നുവെന്ന് കെ.വി. മോഹൻ കുമാർ പറഞ്ഞു. മലയാളസാഹിത്യവും എഴുത്തുകാരും ദേശാന്തരങ്ങൾ കടന്ന് ചെല്ലുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് മോഡറേറ്ററായ വി.ജെ. ജെയിംസ് നിരീക്ഷിച്ചു.
വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും മലയാളത്തിലെ വിവർത്തനസാഹിത്യം മികച്ച ഘട്ടത്തിലൂടെ കടന്നുപോകുന്നതായി ഡോ. പ്രിയ കെ. നായർ പറഞ്ഞു. ദൈനംദിന രാഷ്ട്രീയത്തിന് ചരിത്രപരമായ അടിത്തറ നൽകി അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രവർത്തനം സാധ്യമാക്കുകയായിരുന്നു ഇ.എം.എസ് എന്ന് ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. ‘ഇ.എം.എസ് - രാഷ്ട്രീയവും എഴുത്തുജീവിതവും’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
കേരളം മുന്നോട്ടുവെക്കുന്ന ബദൽ വികസനമാതൃകയുടെ തുടക്കം ഇ.എം.എസിൽ നിന്നാണെന്ന് എം.എ. ബേബി പറഞ്ഞു. ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ നടന്ന പരിപാടിയിൽ പ്രഫ. ജി. ബാലചന്ദ്രൻ, ഡോ. രാജൻ ഗുരുക്കൾ, കെ.ആർ. മല്ലിക എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.