തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. എ.കെ.ജി സെന്‍ററിന് മുന്നിലേക്ക് മാർച്ച് നടത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
പാളയത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതിന് സമാന്തരമായി ബേക്കറി ജങ്ഷനിൽ ഡി.സി.സി ഓഫിസിൽനിന്ന് മറ്റൊരു മാർച്ചും ആരംഭിച്ചു. രണ്ട് മാർച്ചുകളും പാളയത്ത് സംഗമിച്ച് എ.കെ.ജി സെന്‍ററിലേക്ക് തിരിയുന്നതിനിടയിലാണ് പൊലീസ് തടഞ്ഞത്. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
തുടർന്ന് ഡി.സി.സി ഓഫിസിലേക്ക് തിരികെ പോകുന്നതിനിടെ സി.പി.എം സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ തകർത്തു. പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. നഗരത്തിൽ പാളയത്തും ബേക്കറി ജങ്ഷനിലും നന്ദാവനത്തും യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. അറസ്റ്റ് ചെയ്ത വനിതപ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നന്ദാവനത്ത് പൊലീസ് ക്യാമ്പിന് മുന്നിൽ പ്രവർത്തകർ മണിക്കൂറുകളോളം കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തിപ്രാപിച്ചതോടെ എ.കെ.ജി സെന്‍ററിന്‍റെ സുരക്ഷ വർധിപ്പിച്ചു.
വയനാട് ജില്ല പൊലീസ് മേധാവിയുടെ ഓഫിസിനുമുന്നിൽ ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. പലതവണ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കൽപറ്റ ടൗണിലും സുൽത്താൻ ബത്തേരി, മാനന്തവാടി, വൈത്തിരി ഉൾപ്പെടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. കോൺഗ്രസ്, സി.പി.എം ഓഫിസുകൾക്ക് പൊലീസ് സുരക്ഷ ശക്തമാക്കി.
കോഴിക്കോട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഡി.സി.സി ഓഫിസിൽനിന്ന് സിറ്റി പൊലീസ് കമീഷണർ ഓഫിസിനരികിലേക്കാണ് മാർച്ച് നടത്തിയത്.
കെ.എസ്.യു ജില്ല കമ്മിറ്റി എറണാകുളം ഡി.സി.സി ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം എം.ജി റോഡിൽ പൊലീസ് തടഞ്ഞതോടെ നേരിയ വാക് തർക്കമുണ്ടായി. കണ്ണൂർ, കാസർകോട് നഗരങ്ങളിലും കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. തൃശൂർ ജില്ലയിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ സി.പി.എം ജില്ല ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. പത്തനംതിട്ട നഗരത്തിലും കോൺഗ്രസ് പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.