തിരുവനന്തപുരം: ഭക്ഷ്യധാന്യങ്ങളുടെ വില കുതിക്കുമ്പോഴും സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ കിട്ടാനില്ല. മുളക്, മല്ലി, വൻപയർ, ഉഴുന്ന്, വെള്ളക്കടല, തുവരൻ പരിപ്പ്, ശബരി വെളിച്ചെണ്ണ തുടങ്ങിയവക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. പൊതുവിപണിയിൽ കിലോക്ക് 330 രൂപയുള്ള മുളകും കിലോക്ക് 180 രൂപ വിലയുള്ള മല്ലിയും ഓട്ട്ലെറ്റുകളിൽ കിട്ടാനില്ല. അരകിലോ മുളക് 40 രൂപക്കും അരകിലോ മല്ലി 41 രൂപക്കുമാണ് സപ്ലൈകോ നൽകുന്നത്.
ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, മട്ട അരി, ജയ അരി, കുറുവ അരി, പച്ചരി എന്നിങ്ങനെ 13 ഇന ഭക്ഷ്യധാന്യങ്ങളാണ് സബ്സിഡി ഇനത്തിൽ സർക്കാർ നൽകുന്നത്. എന്നാൽ, ഇവയിൽ പകുതിയിലധികം സാധനങ്ങളും ഔട്ട്ലെറ്റുകളിൽ കിട്ടാനില്ലെന്ന് കാർഡുടമകൾ പറയുന്നു. പ്രത്യേകിച്ച് നെയ്യാറ്റിൻകര, ആറ്റിങ്ങൽ ഭാഗങ്ങളിലെ ഔട്ട്ലെറ്റുകളിൽ. തിരുവനന്തപുരം സിറ്റിയിൽ മുളകിനും മല്ലിക്കുമുള്ള ക്ഷാമം തുടരുകയാണ്.
അതേസമയം സർക്കാറിന്‍റെ ഇടപെടലിന്‍റെ ഭാഗമായി അരിക്ക് സപ്ലൈകോയിൽ ക്ഷാമമില്ല. ചെറുകിട വിപണിയിൽ 61 രൂപയുള്ള ജയ അരി 25 രൂപക്കാണ് കാർഡുടമകൾക്ക് ലഭിക്കുന്നത്. പൊതുവിപണിയിൽ 60 രൂപയുള്ള മട്ടയരി 24 രൂപക്കും 34 മുതൽ 38 രൂപവരെ വിലയുള്ള പച്ചരി 23 രൂപക്കുമാണ് സപ്ലൈകോ വഴി ലഭിക്കുക.
കാർഡ് ഒന്നിന് 15ാം തീയതിവരെ അഞ്ച് കിലോയും 16 മുതൽ 30 വരെ അഞ്ച് കിലോയുമാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ വാങ്ങാൻ സാധിക്കാത്തവർക്ക് 30നുള്ളിൽ 10 കിലോ വാങ്ങാം. ഇതിന് പുറമെ സബ്സിഡിയില്ലാത്ത അരിയും കാർഡുടകൾ ലഭിക്കും. പൊതു വിപണിയെക്കാളും വൻ വിലക്കിഴിവാണ് നോൺ സബ്സിഡി അരിയും സപ്ലൈകോയിൽനിന്ന് ലഭിക്കുന്നത്.
സപ്ലൈകോ വഴിയും റേഷൻ കടകൾ വഴിയും ആവശ്യാനുസരണം ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. തിരുവനന്തപുരം സിറ്റിയിൽ ചെറുപയറിന് 130 മുതൽ 140 രൂപയാണ് വില. ഉഴുന്നിന് 135ഉം തുവരപ്പരിപ്പിന് 132 രൂപയുമായി. ജയ അടക്കമുള്ള ബ്രാൻഡുകൾക്ക് കഴിഞ്ഞ നാലുമാസത്തിനിടെ 10 രൂപയാണ് വർധിച്ചത്. സുരേഖ 46ഉം ഡൊപ്പി അരി 44 ഉം രൂപയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.