തിരുവനതപുരം: നഗരത്തിൽ വിവിധ കാരണങ്ങളാലുള്ള കുടിവെള്ളമുടക്കം പതിവായി. സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തേണ്ട പൈപ്പ് ലൈനുകളുമായി ബന്ധപ്പെട്ട ഇന്റർകണക്ഷൻ ജോലികളടക്കം ജലവിതരണത്തെ ബാധിച്ചിരുന്നു.
ഈ ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായി. ഇതോടെ സ്മാർട് സിറ്റിയുമായി ബന്ധപ്പെട്ട് ജലവിതരണത്തിൽ ഇടക്കിടെ വേണ്ടിവന്ന നിയന്ത്രണങ്ങൾ ഇനി ആവശ്യമായി വരില്ല. സ്മാർട് സിറ്റി പ്രവർത്തനങ്ങളുമായി ഭാഗമായി 24 ഇന്റർ കണക്ഷനുകളാണ് പൂർത്തീകരിച്ചത്.
അതേസമയം വാൽവ് തകരാർ, പൈപ്പ് ലൈനിലെ ചോർച്ച എന്നിവ അടിക്കടി വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്നതിനാൽ അതുമായി ബന്ധപ്പെട്ട ‘ജലമുടക്കം’തുടരാനാണ് സാധ്യത. കഴിഞ്ഞ ആറുമാസത്തിനിടെ വിവിധ കാരണങ്ങളാൽ നഗരത്തിൽ പല ദിവസങ്ങളിലും വെള്ളം മുടങ്ങുന്ന സ്ഥിതിയുണ്ടായി.
അഞ്ച് ദിവസം വരെ തുടർച്ചയായി വെള്ളമെത്താത്ത സാഹചര്യംവരെ അഭിമുഖീകരിക്കേണ്ടിവന്നു. ഇതോടെ മന്ത്രിതല ഇടപെടലുണ്ടായി.
അറ്റകുറ്റപണികൾ സമയബന്ധിതമായി തീർക്കുകയും സാധ്യമായ സാഹചര്യങ്ങളിലെല്ലാം മുൻകൂട്ടി അറിയിപ്പുകൾ നൽകണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം മുൻകൂട്ടി നിശ്ചയിക്കുന്ന അറ്റകുറ്റപണികൾക്ക് ജല അതോറിറ്റി ഒരാഴ്ച മുമ്പ് ജലവിതരണം തടസപ്പെടുമെന്ന അറിയിപ്പ് നൽകുന്നുണ്ട്.
ഞായറാഴ്ച നടന്ന വഴുതക്കാട് ഇൻന്റർ കണക്ഷൻ ജോലികൾ വൈകിയത് പല സ്ഥലങ്ങളിലും അറിയിപ്പ് നൽകിയതിനേക്കാൾ കൂടുതൽ സമയം ജലവിതരണം മുടങ്ങുന്ന സ്ഥിതിയുണ്ടാക്കി. തിങ്കളാഴ്ച കുര്യാത്തി സെക്ഷന്റെ പരിധിയിൽ വരുന്ന 700 എം.എം പൈപ്പ് ലൈനുകളിലായിരുന്നു ഇന്റർകണക്ഷൻ ജോലി നടന്നത്.
ഇതുമൂലം കുര്യാത്തി, ശ്രീകണ്ഠേശ്വരം, ചാല, വലിയശാല, മണക്കാട്, ശ്രീവരാഹം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, ഫോർട്ട്, വള്ളക്കടവ്, കമലേശ്വരം, അമ്പലത്തറ, വലിയതുറ, തമ്പാനൂർ, ശംഖുംമുഖം, കളിപ്പാൻകുളം, ആറ്റുകാൽ എന്നിവിടങ്ങളിലാണ് ജലവിതരണം തടസപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.