തിരുവനന്തപുരം: തിരുവിതാംകൂറിലെ ആദ്യ സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കാൻ ഇനി പെൺകുട്ടികളുമെത്തും. അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന ഉത്തരവിൽ മന്ത്രി വി. ശിവൻകുട്ടി ഒപ്പുവെച്ചു. ഈ അധ്യയന വർഷം മുതൽ പെൺകുട്ടികളെ പ്രവേശിപ്പിക്കും.
1834ൽ സ്കൂൾ സ്ഥാപിതമായതിനുശേഷം 190 വർഷം പിന്നിട്ടപ്പോഴാണ് ഇവിടെ പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നത്. നിലവിൽ മലയാളം മീഡിയത്തിൽ 32 കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിൽ 135 കുട്ടികളുമുണ്ട്. ഹയർ സെക്കൻഡറിയിൽ 884 കുട്ടികളുമുണ്ട്.
തിരുവിതാംകൂർ രാജാവായിരുന്ന സ്വാതിതിരുനാൾ രാമവർമയുടെ ഭരണകാലത്താണ് എട്ട് വിദ്യാർഥികളുമായി ഹിസ് ഹൈനസ് ദി രാജാസ് ഫ്രീ സ്കൂൾ ആരംഭിച്ചത്. ഇപ്പോഴത്തെ സർക്കാർ ആയുർവേദ കോളജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ആദ്യകാലത്ത് ഈ സ്കൂളിന്റെ പ്രവർത്തനം.
പിന്നീട് വഞ്ചിയൂരിലെ കോടതി സമുച്ചയം നിൽക്കുന്ന സ്ഥലത്തേക്ക് മാറി. ആ സമയത്താണ് ശ്രീമൂലവിലാസം സ്കൂളെന്ന് പേര് നൽകിയത്. 1919ലാണ് ഇന്നത്തെ എസ്.എം.വി സ്കൂളിലേക്ക് ക്ലാസുകൾ മാറിയത്. അനവധി പ്രമുഖർ പഠിച്ചിറങ്ങിയ ഈ സ്കൂൾ മഹാത്മാഗാന്ധി സന്ദർശിച്ചിട്ടുണ്ട്. നഗര മധ്യത്തിൽ ഏഴേക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.