തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലമെത്തിയപ്പോൾ തലസ്ഥാനത്തെ സ്കൂളുകൾക്ക് മികച്ച വിജയം. പരീക്ഷ എഴുതിയവരിൽ 99.08 ശതമാനം വിദ്യാർഥികളും വിജയിച്ചു.
കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം കൂടിയെങ്കിലും ഈ വർഷം വിജയശതമാനം ഏറ്റവും കുറവുള്ള ജില്ലയാണ് തിരുവനന്തപുരം. ഇക്കുറി പരീക്ഷ എഴുതിയ 34393 പേരിൽ 34077 വിദ്യാർഥികളും ഉന്നത പഠനത്തിന് യോഗ്യത നേടി. 316 പേർ പരാജയപ്പെട്ടു. കഴിഞ്ഞ വർഷം 98.96 ശതമാനമായിരുന്നു വിജയം.
6030 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസുകാരുള്ളത്, 2429 പേർ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ 1986 വിദ്യാർഥികളും തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 1615 പേരുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ.
182 സ്കൂളുകളാണ് ജില്ലയിൽ നൂറുശതമാനം വിജയം നേടിയത്. 75 സർക്കാർ സ്കൂളുകളും 59 എയ്ഡഡ് സ്കൂളുകളും 48 അൺ എയ്ഡഡ് സ്കൂളുകളുമാണ് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചത്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ചത്, 99.18 ശതമാനം. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 99.07 ശതമാനവും ആറ്റിങ്ങലിൽ 99 ശതമാനവുമാണ് വിജയം. സംസ്ഥാനത്ത് ഏറ്റവും കുറച്ച് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയാണ് ആറ്റിങ്ങൽ.
തിരുവനന്തപുരം: പരിമിതികളൊന്നും നേട്ടങ്ങൾക്ക് വിലങ്ങുതടിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജഗതി ബധിര-മൂക വിദ്യാലയത്തിലെ എസ്. ശിവാനി. ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയാണ് ശിവാനി വിജയിച്ചത്. ജീവിതം വെച്ചുനീട്ടിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടാണ് ശിവാനി പത്താം ക്ലാസില്‍ ഈ മിന്നും നേട്ടം സ്വന്തമാക്കിയത്.
പഠനത്തില്‍ മാത്രമല്ല കലാരംഗത്തും മിടുക്കിയാണ് ശിവാനി. വര്‍ക്കല ഞെക്കാട് സ്വദേശിയായ ഈ പെണ്‍കുട്ടിയുടെ ജീവിതം ദുരിതം നിറഞ്ഞതാണ്. സാമ്പത്തികപ്രതിസന്ധിയാല്‍ വലയുമ്പോഴും പഠനത്തില്‍ നിന്ന് ഒരടി പിന്നോട്ടു പോകാന്‍ ശിവാനി തയ്യാറായിരുന്നില്ല.
ശിവാനി മാത്രമല്ല ജഗതി ബധിര - മൂക വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഇക്കുറി വിജയം കൈവരിച്ചതോടെ നൂറില്‍ നൂറും വാങ്ങിയ സന്തോഷത്തിലാണ് സ്കൂൾ. എസ്.എസ്.എൽ.സി ഹിയറിങ് ഇംപയേർഡ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ നാല് കുട്ടികളും മികച്ച വിജയം നേടി.
ഫുള്‍ എപ്ലസോടെ എസ്. ശിവാനി, ഒമ്പത് എ പ്ലസോടെ റാഷിദ, എട്ട് എ പ്ലസോടെ ശ്യാം, നാല് എ പ്ലസോടെ മുഹമ്മദ് ഷിയാസ് എന്നിവരാണ് മികച്ച വിജയം നേടിയത്. ടി.എച്ച്.എസ്.എൽ.സി ഹിയറിങ് ഇംപയേർഡ് വിഭാഗത്തിൽ പരീക്ഷ എഴുതിയ അനുരാഗും അമൽജിത്തും മികച്ച വിജയം നേടിയതും സ്കൂളിന് ഇരട്ടിമധുരമായി.
തിരുവനന്തപുരം: ശ്രീചിത്രാ ഹോമിന് ഇക്കുറിയും നൂറിന്റെ തിളക്കം. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 12 വിദ്യാർഥികളും വിജയിച്ചതോടെയാണ് ശ്രീചിത്ര ഹോം നൂറുമേനി കൊയ്തത്. വിജയിച്ച വിദ്യാർത്ഥികൾക്ക് മധുരവുമായി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ് സുരേഷ് ബാബു, ഡയറ്റിലെ മുൻ ഫാക്കൽറ്റി ഡോ. കെ. ഗീതാ ലക്ഷ്മി, ‘നന്നായി വിജയിക്കാം’ പദ്ധതി കൺവീനർ ജെ.എം റഹീം എന്നിവർ ശ്രീ ചിത്രാഹോമിലെത്തി. ഹോം സൂപ്രണ്ട് വി. ബിന്ദുവിന്റെ നേതൃത്വത്തിൽ എല്ലാവർക്കും മധുരം വിതരണം ചെയ്തു.
മൂന്നു വർഷമായി ജില്ല വിദ്യാഭ്യാസ ഓഫിസിന്റെ അഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ‘നന്നായി പഠിക്കാം’. സി. മണികണ്ഠൻ, എ. അമൽ, ബി.എസ്. ശ്രീലക്ഷ്മി, ജെ. നവ്യ, പി.എസ്. അഞ്ജു, എം.ആർ. അർച്ചന, എ.എസ്. നന്ദന, ഫാത്തിമ, വൈഷ്ണവി എസ്. നായർ, ബിനുഷ, അരുണിമ, എൻ. ലക്ഷ്മി എന്നിവരാണ് ഇക്കുറി എസ്.എസ്.എൽ.സി ജേതാക്കൾ.
ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടി ഉഴമലയ്ക്കൽ ശ്രീനാരായണ എച്ച്.എസ്.എസ്
നെടുമങ്ങാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രാമീണമേഖലയിലെ സ്കൂളുകളിൽ മികച്ച വിജയം. വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്.എസ്.എസിൽ 80 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 428 കുട്ടികൾ പരീക്ഷ എഴുതിയതിൽ 427 പേർ വിജയിച്ചു.
അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 195 പേരിൽ 193 പേർ വിജയിച്ചപ്പോൾ 30 പേർ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടി. കരകുളം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 62പേരിൽ 61പേർ വിജയിച്ചു. അഞ്ച് കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്.
ഇടിഞ്ഞാർ ഗവ. ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 16പേരും വിജയിച്ചു. ആർക്കും ഫുൾ എ പ്ലസ് നേടാനായില്ല. പൂവത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 75പേരും വിജയിച്ചപ്പോൾ 13പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. നന്ദിയോട് എസ്.കെ.വി എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ 248 പേരിൽ 247പേർ വിജയിച്ചപ്പോൾ 61പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാനായി.
പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 171 പേരിൽ 170 പേർ വിജയിച്ചു. 23 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 100 ശതമാനം വിജയമുണ്ട്. 324പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. 67പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. വിതുര ഗവ. വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 321പേർ പരീക്ഷ എഴുതി മുഴുവൻ പേരും വിജയിച്ച് 100 ശതമാനം വിജയം നേടി. 36പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
നെടുമങ്ങാട്: ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടി ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ. ഇവിടെ പരീക്ഷ എഴുതിയ 428 പേരിൽ എല്ലാവരെ വിജയിപ്പിച്ച് ചരിത്രവിജയം നേടി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്താണ് സ്കൂൾ. 77 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 16 വിദ്യാർഥികൾ ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് നേടി.
കിളിമാനൂർ: എസ്.എസ്.എൽ.സി റിസൽറ്റിൽ ഇത്തവണയും 100 ശതമാനം വിജയം നേടി ആർ.ആർ.വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. തുടർച്ചയായി ആറാം വർഷമാണ് ആർ.ആർ.വി ഗേൾസ് 100 ശതമാനം വിജയം നേടുന്നത്. 110 പേർ പരീക്ഷയെഴുതിയതിൽ 47 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
പോങ്ങനാട് ഗവ.എച്ച്.എസിൽ പരീക്ഷയെഴുതിയ 95 പേരും വിജയിച്ച് 100 ശതമാനം നിലനിർത്തി. 24 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചപ്പോൾ അഞ്ചുപേർക്ക് ഒമ്പത് എ പ്ലസ് ഗ്രേഡ് ലഭിച്ചു. കൊടുവഴന്നൂർ ഗവ. എച്ച്.എസ്.എസിൽ 135 പേരിൽ 134 പേർ വിജയിച്ചു. 99.26 ശതമാനമാണ് വിജയം. 39 പേർക്ക് എല്ലാ വിഷ യങ്ങളിലും എട്ടുപേർക്ക് ഒമ്പത് വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു.
കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 514 പേർ പരീക്ഷയെഴുതിയപ്പോൾ 97.68 ശതമാനവുമായി 499 പേർ ഉപരിപഠനത്തിന് അർഹത നേടി. 126 പേർ ഫുൾ എ പ്ലസ് നേടി. 25 പേർക്ക് ഒമ്പത് വിഷയങ്ങളിലും 33 പേർക്ക് എട്ട് വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ആർ.ആർ.വി ബോയ്സ് വി.എച്ച്.എസ്.എസിൽ 94 പേർ പരീക്ഷയെഴുതിയതിൽ 89 പേർ വിജയിച്ചു. 27 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു. മടവൂർ എൻ.എസ്.എസ് എച്ച്.എസിൽ 98.96 ശതമാനം പേർ വിജയിച്ചു. 55 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു.
കാട്ടാക്കട: എസ്.എസ്.എൽ.സി പരീക്ഷയിൽ കാട്ടാക്കട പ്രദേശത്തെ സ്കൂളുകൾ അഭിമാനാർഹമായ വിജയം നേടി. കള്ളിക്കാട്, കാട്ടാക്കട, പൂവച്ചൽ, കുറ്റിച്ചൽ പഞ്ചായത്തുകളിലായുള്ള 10 സ്കൂളുകളിൽ വീരണകാവ്, വാവോട്, നെയ്യാർഡാം, നിയോഡെയിൽ സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വി.ആൻഡ് എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 106 പേരിൽ 105 പേർ വിജയിച്ചു.
21 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഉത്തരംകോട് ഇരുവേലി ഗവ. ഹൈസ്കൂളിൽ 52 പേരിൽ 42 പേർ വിജയിച്ചു. ഒരാൾക്ക് എല്ലാറ്റിനും എ പ്ലസ് ഉണ്ട്. പൂവച്ചൽ വി. ആൻഡ് എച്ച്.എസ്.എസിൽ പരീക്ഷക്കിരുന്ന 99 പേരിൽ 97 പേർ വിജയിച്ചു. ആറുപേർക്ക് എ പ്ലസ് ലഭിച്ചു. വീരണകാവ് ഗവ. വി.ആൻഡ് എച്ച്.എസ്.എസിൽ പരീക്ഷക്കിരുന്ന 109 പേരിൽ എല്ലാവരും വിജയിച്ചു. 19 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്.
നെയ്യാർഡാം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 61 പേരും വിജയിച്ചു. മൂന്നുപേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വാവോട് ഹൈസ്കൂളിൽ 64 പേരും വിജയിച്ചു.
13 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കാട്ടാക്കട പ്ലാവൂർ ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 1165 പേരിൽ 164 പേർ വിജയിച്ചു. 35 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. പി.ആർ. വില്യം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 279 വിദ്യാർഥികളിൽ 277 പേർ വിജയിച്ചു. 57 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷക്കിരുന്ന 152 പേരിൽ 150 വിദ്യാർഥികൾ വിജയിച്ചു. 31 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കാട്ടാക്കട നിയോഡേൽ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 58 വിദ്യാർഥികളും വിജയിച്ചു. 29 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.