തിരുവനന്തപുരം: വീണ്ടുമൊരു സിനിമയെന്ന സ്വപ്നം ബാക്കിയാക്കിയാണ് സംവിധായനായ സുധീർ ബോസ് ഈ ഭൂമിയിൽനിന്ന് വിടപറഞ്ഞത്. ബാലയുമായി ഒരു സിനിമ ചെയ്യുന്നതിനുള്ള ഒരുക്കം നടത്തിയിരുന്നെങ്കിലും നീണ്ട ഇടവേളയ്ക്കു ശേഷം സംവിധായകന്റെ കുപ്പായമണിയാൻ കഴിഞ്ഞില്ല. സിനിമയോടുള്ള ഇഷ്ടം ഒന്നു മാത്രമാണ് കിള്ളിയൂർ കേശവൻനായരുടെ മകനായ സുധീറിനെ എഡിറ്റർ ശങ്കുണ്ണിയുടെ അസിസ്റ്റൻഡാക്കിയത്.
അവിടെനിന്ന് പിന്നീട് സഹസംവിധായകനായി വളർന്നു. ഇതിനിടയിൽ അമ്മ സുധാദേവിക്കൊപ്പം ചേർന്ന് കുറ്റപത്രമെന്ന സുരേഷ് ഗോപി ചിത്രം നിർമിക്കുകയും ചെയ്തു. ജെസി, തമ്പി കണ്ണന്താനം, പി.ജി. വിശ്വംഭരൻ, അലി അക്ബർ, ക്യാപ്ടൻ രാജു, ദീപൻ, ഈസ്റ്റ് കോസ്റ്റ് വിജയൻ തുടങ്ങി നിരവധി സംവിധായകർക്ക് സഹായിയായി പ്രവർത്തിച്ചു.
പി.ജി. വിശ്വംഭരന് സംവിധാനം ചെയ്ത പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ച, അലി അക്ബറിന്റെ ബാംബൂ ബോയ്സ്, ദീപന് സംവിധാനം ചെയ്ത താന്തോന്നി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായിരുന്നു. സുഹൃത്ത് മനു ശ്രീകണ്ഠപുരത്തിനൊപ്പം ചേർന്ന് കബഡി കബഡിയെന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി എങ്കിലും സംവിധാന സഹായിയാകാൻ ഒരിക്കലും മടി കാട്ടിയിരുന്നില്ല. കലാഭവൻ മണിയുടെ പ്രശസ്തമായ മിന്നാമിനുങ്ങേ എന്ന ഗാനം ആദ്യമായി വന്നത് കബഡി കബഡിയിലൂടെയായിരുന്നു.
വീണ്ടുമൊരു സിനിമയെന്ന സ്വപ്നം പലപ്പോഴും നീണ്ടപ്പോൾ ഹ്രസ്വചിത്രങ്ങൾ ഒരുക്കിയും സീരിയലുകളിൽ പ്രവർത്തിച്ചും സുധീർ തന്നിലെ കലാകാരനെ തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്നു. ആരോടും പരിഭവമില്ലാതെ കലഹമില്ലാതെ തന്നെത്തേടിയെത്തുന്ന അവസരങ്ങൾ ഏറ്റെടുത്തു. രണ്ടുവര്‍ഷം മുമ്പുവരെ സിനിമാരംഗത്തുണ്ടായിരുന്നു. ഉന്നം എന്ന ഹ്രസ്വചിത്രമാണ് ഒടുവിൽ ചെയ്തത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ഹ്രസ്വചിത്രങ്ങൾ സുധീർ ബോസ് പ്രേക്ഷകർക്കായി സമ്മാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.