തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ പ്രവർത്തനം തടയുന്നതിന് സിറ്റി പൊലീസ് നടത്തി വരുന്ന റെയ്ഡ് ഏഴാംദിവസമായ വ്യാഴാഴ്ചയും തുടര്‍ന്നു.വിവിധ ആക്രമണ കേസുകളിലും ഉൾപ്പെട്ട 263 പേരുടെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. വിവിധ കേസുകളിൽ പ്രതികളായി ഒളിവിൽ കഴിഞ്ഞിരുന്ന 18 പേരാണ് കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ ഇതുവരെ പിടിയിലായത്.
പരിശോധനാസമയം വീടുകളിൽ ഇല്ലായിരുന്ന ആളുകളുടെ വിവരങ്ങൾ പ്രത്യേകം ശേഖരിച്ച് അന്വേഷണം നടത്തിവരികയാണ്. ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നവർ വീണ്ടും പുറത്തിറങ്ങി കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടാല്‍ വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുവേണ്ട നിയമ നടപടികൾ സ്വീകരിക്കും. പുതുതായി സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി നല്ല നടപ്പിനായി ബോണ്ട് വെപ്പിക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സിറ്റി പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നിർദേശാനുസരണം ഡെപ്യൂട്ടി പൊലീസ് കമീഷണർ (ക്രമസമാധാനം) ഡോ.ദിവ്യ വി. ഗോപിനാഥിെൻറ നേതൃത്വത്തിൽ അതാത് സബ് ഡിവിഷനൽ അസ്സ്റ്റൻറ് കമീഷണർമാർ, എസ്.എച്ച്.ഒമാർ, സബ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപവത്കരിച്ചാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും വ്യാപക പരിശോധന തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
അതേസമയം കോവിഡ്-സുരക്ഷ നിരീക്ഷണത്തിെൻറ ഭാഗമായി സിറ്റി പൊലീസ് ഇന്നലെ നടത്തിയ പരിശോധനയിൽ വിലക്ക് ലംഘനം നടത്തിയ 31 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്ത 103 പേരിൽ നിന്നും, സാമൂഹിക അകലം പാലിക്കാത്ത 19 പേരിൽ നിന്നുമായി 24,400 രൂപ പിഴ ഈടാക്കുകയും ചെയ്തു.അതേസമയം തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട പൂജപ്പുരയിലെ ജയിൽ കഫ്റ്റീരിയയും പെട്രോൾ പമ്പും, തുണിക്കടയും ബ്യൂട്ടി പാർലറും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.