തിരുവനന്തപുരം: ആരോഗ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പൊലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് നാലോടെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദാണ്(28) രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മ്യൂസിയം എസ്.ഐ രജീഷിന് സെയിദിന്റെ ആക്രമണത്തിൽ പരിക്കേറ്റു.
രജീഷിന്റെ വിരലിന് ഒടിവുണ്ട്. രണ്ട് പൊലീസുകാരാണ് പ്രതിക്കൊപ്പമുണ്ടായിരുന്നത്. ഇവർ പിന്നാലെ ഓടിയെത്തിയെങ്കിലും റോഡ് മുറിച്ച് കടന്ന് വഞ്ചിയൂർ പാറ്റൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. രാത്രി വൈകിയും നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള പൊലീസ് സംഘം അരിച്ചുപെറുക്കുകയാണ്. താമ്പാനൂർ, കിഴക്കേകോട്ട ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും പൊലീസ് നിരീക്ഷണത്തിലാണ്. കൈവിലങ്ങുള്ളതിനാൽ ഇയാൾ ഉടൻ പിടിയിലാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
പതിനാല് ദിവസം മുമ്പ് എം.ഡി.എം.എ വിൽപനക്കേസിൽ പൂവാർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയതത്. ലോ കോളജിന് സമീപത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലാകുന്നത്. അപ്പോഴും എം.ഡി.എം.എ കൈവശമുണ്ടായിരുന്നു. ഈ കേസാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.