തിരുവനന്തപുരം: മനോരോഗിയായ 15 കാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മുടവൻമുകൾ തമലം പൊറ്റയിൽ വീട്ടിൽ പ്രഭാത് കുമാർ എന്ന പ്രഭന് (64) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി 52 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷംകൂടി കഠിനതടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ. രേഖ വിധിച്ചു. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് വിധിയിൽ പറയുന്നു.
2013 ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്ന കുട്ടി സ്കൂളിൽനിന്ന് വീട്ടിലെത്തി ടി.വി കാണവെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി പെൺകുട്ടിയെ ബലംപ്രയോഗിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. കുട്ടി നിലവിളിച്ചെങ്കിലും വീട്ടിൽ ആരുമില്ലായിരുന്നു. കുട്ടിയുടെ അമ്മയും മനോരോഗിയാണ്. 85 വയസ്സുള്ള അമ്മൂമ്മയാണ് ഇവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്. അടുത്ത ദിവസവും രാത്രി പ്രതി വീട്ടിലെത്തിയപ്പോൾ അമ്മൂമ്മ വെട്ടുകത്തിയെടുത്ത് ഓടിച്ചു. അടുത്തദിവസം സ്കൂളിലെത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവേറ്റ പാടുകൾ കണ്ട കൂട്ടുകാരികളാണ് അധ്യാപികയോട് വിവരം പറഞ്ഞത്. സ്കൂൾ അധികൃതർ പൂജപ്പുര പൊലീസിൽ വിവരം അറിയിച്ചു.
ഗോപി എന്ന ഓട്ടോ ഡ്രൈവർകൂടി കുട്ടിയെ പലതവണ പീഡിപ്പിച്ചിരുന്നു. ഈ പ്രതി കുട്ടിയുടെ അമ്മയെയും പീഡിപ്പിച്ചിട്ടുണ്ട്. എന്നാൽ, വിചാരണവേളയിൽ ഇയാൾ മരണപ്പെട്ടു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയമോഹൻ ഹാജരായി. മ്യൂസിയം സി.ഐമാരായിരുന്ന വി. ജയചന്ദ്രൻ, എം.ജെ. സന്തോഷ്, പൂജപ്പുര എസ്.ഐ ആയിരുന്ന പി.ബി. വിനോദ്കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.