തിരുവനന്തപുരം: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും 25,000 രൂപ പിഴയും. മണ്ണന്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി സുന്ദരേശൻ നായരെയാണ് (66) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിയിൽ വ്യക്തമാക്കി. പിഴ തുക കുട്ടിക്ക് നൽകണം.
കുട്ടി മൂന്നാം ക്ലാസിൽ പഠിക്കവെ 2014 ജനുവരി രണ്ടിന് പുലർച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ ഭയന്ന് കുട്ടി പീഡന വിവരം ആരോടും പറഞ്ഞില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ പീഡനത്തെ സംബന്ധിച്ച് വീഡിയോ കണ്ടപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞത്.
തുടർന്ന് സംഭവത്തെക്കുറിച്ച് ഓർത്ത് കുട്ടിയുടെ മനോനില തകർന്നു. വീട്ടുകാർ ചികിത്സക്ക് കൊണ്ടുപോയെങ്കിലും പ്രതിയെ ഭയന്ന് കുട്ടി സംഭവം വെളിപ്പെടുത്തിയില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടി പഠിത്തത്തിൽ പിന്നാക്കം പോവുന്ന സാഹചര്യമുണ്ടായി. തുടർന്ന് അധ്യാപകർ കുട്ടിയെ സ്കൂളിൽ കൗൺസലിങ് നടത്തിയപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, എം. മുബീന, എസ്. ചൈതന്യ, ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. 22 സാക്ഷികളെ വിസ്തരിച്ചു. 27രേഖകളും ഹാജരാക്കി. മണ്ണന്തല സി ഐയായിരുന്ന ജി.പി. സജുകുമാർ, എസ്.ഐ ഒ.വി. ഗോപി ചന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.