തിരുവനന്തപുരം: കായിക മേഖലയിൽ ഇടക്കാലത്തുണ്ടായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയ ജി.വി. രാജ അവാർഡുകൾ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ശ്രദ്ധേയരായ അത്ലറ്റുകളെ സംഭാവന ചെയ്ത നാടാണ് കേരളം. ഇടക്ക് നാം അൽപം പിന്നോട്ടുപോയി. കായികമേഖലയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിവരികയാണ്.
പഞ്ചായത്തുതോറും കളിക്കളം, കുട്ടികൾക്കും യുവതീയുവാക്കൾക്കും കളിക്കാനുള്ള സൗകര്യം, എല്ലാവർക്കും ആരോഗ്യ-കായിക ശാരീരികക്ഷമത ലക്ഷ്യമിട്ടുള്ള കമ്യൂണിറ്റി സ്പോർട്സ് എന്ന ആശയം, കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സംവിധാനം, ശാരീരികക്ഷമതയിൽ എല്ലാവിധ ജനങ്ങളെയും പങ്കാളികളാക്കുന്ന കായികക്ഷമത മിഷൻ പദ്ധതി എന്നിവയെല്ലാം കായിക മേഖലയുടെ വികസനത്തിനായുള്ള പദ്ധതികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി. അബ്ദുറഹ്മാൻ, മന്ത്രി ആന്റണി രാജു, സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി, സ്പോർട്സ് യുവജനകാര്യ വകുപ്പ് ഡയറക്ടർ പ്രേംകുമാർ എസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.