തിരുവനന്തപുരം: സ്ഥാനാർഥിപ്രഖ്യാപനം വന്നതോടെ ജില്ലയിൽ എ ക്ലാസ് മണ്ഡലങ്ങളായി ബി.ജെ.പി പരിഗണിക്കുന്ന തിരുവനന്തപുരത്തും ആറ്റിങ്ങലിലും മാറ്റുരക്കാനെത്തുന്നത് രണ്ട് കേന്ദ്രമന്ത്രിമാർ.
തിരുവനന്തപുരത്ത് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിൽ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമാണ് സ്ഥാനാർഥികളാവുക. ആറ്റിങ്ങലിൽ നേരേത്തതന്നെ വി. മുരളീധരന്റെ പേര് കേന്ദ്രീകരിച്ചായിരുന്നു ചർച്ചകളെങ്കിൽ തിരുവനന്തപുരത്ത് രാജീവടക്കം ഒന്നിലധികം പേരുകളിൽ ചുറ്റിത്തിരിയുകയായിരുന്നു ബി.ജെ.പി. കേന്ദ്രമന്ത്രി നിർമല സീതാരാമന്റെയും എസ്. ജയശങ്കറിന്റെയും കുമ്മനം രാജശേഖരന്റെയുമെല്ലാം പേരുകൾക്കിടയിൽ നിന്നാണ് കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിലേക്ക് എത്തിയത്.
ആറ്റിങ്ങലിൽ നേരേത്തതന്നെ വി. മുരളീധരന്റെ പേര് സ്ഥിരീകരിച്ചതിനാൽ ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു.
സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പുതന്നെ മുരളീധരന്റെ ഫ്ലക്സ് ബോർഡുകളും ഉയർന്നു. ഫെബ്രുവരി 27ന് തലസ്ഥാനത്ത് പ്രധാനമന്ത്രിയെത്തിയ ചടങ്ങിലും മുരളീധരൻ സാന്നിധ്യമറിയിച്ചു.
ആറ്റിങ്ങലിൽ പാർട്ടി ജില്ല സെക്രട്ടറി വി. ജോയി ആണ് ഇടതുസ്ഥാനാർഥി. മണ്ഡലമുറപ്പിക്കാൻ കോൺഗ്രസ് ക്യാമ്പിൽ സിറ്റിങ് എം.പി അടൂർ പ്രകാശിന്റെ പേരും ധാരണയായി പ്രഖ്യാപനം മാത്രമാണ് അവശേഷിക്കുന്നത്.
തിരുവനന്തപുരം മണ്ഡലത്തിൽ സി.പി.ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ് ഇടതുസ്ഥാനാർഥി. കോൺഗ്രസിൽ ശശി തരൂരും ഉറപ്പിച്ചു. ചിത്രം തെളിഞ്ഞതോടെ ത്രികോണപ്പോരിനാണ് കളമൊരുങ്ങുന്നത്. മുൻകാലങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണിത്. ഒന്നാമന് ആരാണെന്നത് മാത്രമല്ല ഫോട്ടോ ഫിനിഷില്‍ മൂന്നാമതായി ആരാണെത്തുക എന്നതിൽ പ്രവചനം അസാധ്യമെന്നതാണ് മുൻകാലയനുഭവം.
കഴിഞ്ഞതവണ ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരനെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ ശശി തരൂര്‍ പരാജയപ്പെടുത്തിയത്.
ശബരിമല പ്രശ്നം കത്തിനിന്നിട്ടും കുമ്മനത്തിന് 31.3 ശതമാനം വോട്ടേ നേടാനായുള്ളൂ. ശശി തരൂര്‍ 41.19 ശതമാനം വോട്ട് നേടിയിരുന്നു. ഏഴ് നിയമസഭമണ്ഡലങ്ങളിലും ശശി തരൂര്‍ വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു.
2014ല്‍ ഒ. രാജഗോപാലിലൂടെയാണ് മണ്ഡലത്തില്‍ ബി.ജെ.പി. കരുത്ത് വര്‍ധിപ്പിച്ചത്. എന്നാല്‍ അന്നത്തെ 15,000 വോട്ടിന്റെ ഭൂരിപക്ഷം കഴിഞ്ഞതവണ തരൂര്‍ ഒരു ലക്ഷത്തോളമാക്കി വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് നഗരമേഖലക്കപ്പുറത്ത് ബി.ജെ.പിക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
ഇടതുമുന്നണിയെ സംബന്ധിച്ച് ഏറ്റവും ഒടുവില്‍ 2005ല്‍ പന്ന്യന്‍ രവീന്ദ്രന് ഉപെതരഞ്ഞെടുപ്പില്‍ ജയിച്ചതിനുശേഷം ഇടതുപക്ഷത്തിന് തിരിച്ചുവരവ് സാധ്യമായിട്ടില്ല. 2019ലെ െതരഞ്ഞെടുപ്പിലും അതിനുശേഷവും ജില്ലയില്‍ ഭൂരിഭാഗം നിയമസഭ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിനാണ് വിജയം നേടാനായത്.
മാത്രമല്ല, പ്രാദേശിക തലത്തിലും ഇടതുപക്ഷത്തിന് വലിയ മേല്‍ക്കൈയുണ്ട്. ഇത്രയും സ്വാധീനമുണ്ടായിട്ടും മൂന്നാം സ്ഥാനത്താകുന്നത് ഇത്തവണ മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തിലാണ് ഇടത് ക്യാമ്പ്. ജില്ലയിലെ ഒന്നൊഴികെ എല്ലാ നിയമസഭമണ്ഡലങ്ങളിലും ഇടത് എം.എല്‍.എമാരാണുള്ളത്.
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം പിടിക്കാൻ കേന്ദ്രമന്ത്രിെയത്തന്നെ രംഗത്തിറക്കി ബി.ജെ.പി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആണ് ബി.ജെ.പിക്കായി രംഗത്തുള്ളത്. മണ്ഡലത്തിലെ സ്ഥാനാർഥിയാകാൻ മുരളീധരൻ വളരെ മുൻകൂട്ടി ധാരണ ഉണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുവർഷക്കാലമായി മണ്ഡലത്തിൽ സജീവസാന്നിധ്യമായിരുന്നു.
എന്നാൽ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വൈകിയതിനാൽ പ്രത്യക്ഷ പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നില്ലെന്നുമാത്രം. സ്ഥാനാർഥിത്വം നേരത്തേ ഉറപ്പിച്ചിരുന്നതിനാൽ മണ്ഡലത്തിൽ വീടെടുത്ത് മണ്ഡലം കേന്ദ്രീകരിച്ച് സജീവപ്രവർത്തനം നടത്തിവരുകയായിരുന്നു.
സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിൽ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ സിൽവർ ലൈൻ കടന്നുപോകുന്ന മേഖലയുടെ ആരംഭം മുതൽ അവസാനം വരെയുള്ള എല്ലാ വസ്തുഉടമകളെയും നേരിൽ കാണുകയും ഭവനസന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഭൂമി വിട്ടുനൽകാൻ തയാറായി നിന്നവർക്കുമുന്നിൽ വികസനത്തിന് അനുകൂലമായും ഭൂമി ഏറ്റെടുക്കലിനെ ആശങ്കയോടെ കണ്ടവർക്കുമുന്നിൽ കേന്ദ്രസർക്കാർ അനുമതി നൽകില്ലെന്ന് ഉറപ്പിച്ചുപറഞ്ഞുമായിരുന്നു ഭവനസന്ദർശനങ്ങൾ.
ഇതോടൊപ്പം പാർലമെൻറ് മണ്ഡലത്തിൽ ഉടനീളം പൊതുപരിപാടികളിലും പങ്കെടുത്തു. സാമുദായിക സംഘടനകളുടെ പ്രാദേശികനേതൃത്വം വരെയുള്ള വ്യക്തികളുമായി നേരിട്ട് സൗഹൃദം സ്ഥാപിക്കുകയും അവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പിയുടെ ചരിത്രത്തിൽ ഒരു കേന്ദ്രമന്ത്രി ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുന്നത് ആദ്യമാണ്. മുൻ പാർലമെൻറ് െതരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വൻ മുന്നേറ്റമാണ് മണ്ഡലത്തെ പ്രാധാന്യമുള്ളതാക്കിമാറ്റിയത്.
മുൻ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 24.69 ശതമാനം വോട്ട് സ്വന്തമാക്കിയതിനാലാണ് ബി.ജെ.പി സീറ്റിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. തുടർന്നുള്ള നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി വളർച്ച പ്രകടമാക്കി. ഇടത്-വലത് മുന്നണികൾക്കുള്ള അടിത്തറ ഇല്ലെങ്കിലും പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായ മുൻ തെരഞ്ഞെടുപ്പുകളിലെ വോട്ടുവർധന ഉപയോഗപ്പെടുത്തി വിജയം നേടുകയാണ് മുരളീധരന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.