വി​ര​ണ്ടോ​ടി മ്യൂ​സി​യം വ​ള​പ്പി​ലേ​ക്ക് ഓ​ടി​ക്കയറിയ പോ​ത്തിനെ ഫ​യ​ർ​ഫോ​ഴ്​​സ്​ സം​ഘം പിടികൂടിയ​പ്പോൾ

പോത്ത് വിരണ്ടോടി മ്യൂസിയം വളപ്പിൽ കയറി

തിരുവനന്തപുരം: നഗരത്തിൽ അറവുശാലയിലേക്ക് കൊണ്ടുപോയ പോത്ത് വിരണ്ടോടി. പാളയത്തുനിന്ന് ഓടിയ പോത്ത് മ്യൂസിയം വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. തിരക്കേറിയ റോഡിലൂടെ ഏകദേശം ഒന്നരകിലോമീറ്റർ പോത്ത് ഓടി. ഒരാളെ ഇടിച്ചുവീഴ്ത്തി.

പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സതേടി. സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം മ്യൂസിയം വളപ്പിനുള്ളിൽ ഏറെ പണിപ്പെട്ട് പോത്തിനെ കീഴ്പ്പെടുത്തി. ഇതിനിടെ പോത്തിനെ കൊണ്ടുവന്നയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മ്യൂസിയം പൊലീസ് സ്റ്റേഷൻ ഗേറ്റിലൂടെയാണ് പോത്ത് മ്യൂസിയത്തിനുള്ളിലേക്ക് കടന്നത്. തുടർന്ന് മ്യൂസിയത്തിലെ നടപ്പാതയിലൂടെ വിരണ്ട് ഓടുകയായിരുന്നു. സംഭവത്തിൽ കാൽനട യാത്രക്കാരന് നിസ്സാര പരിക്കേറ്റു.

മ്യൂസിയത്തിനുള്ളിൽ പോത്ത് കടന്നതോടെ പെട്ടെന്ന് ആൾക്കാരെ മുഴുവൻ ഒഴിപ്പിച്ചു. പിന്നീട് രണ്ട് പ്രധാന ഗേറ്റുകളും പൂട്ടി. പാളയം ഭാഗത്തുനിന്ന് പ്രായമായ ആളാണ് പോത്തിനെ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. പോത്തിന്റെ കൊമ്പ് ഇളകിയനിലയിലാണ്.

ഇതിന്റെ വേദന കാരണമാകാം പോത്ത് ഓടിയതെന്നാണ് സംശയം. വഴിയിലൂടെ പോത്ത് ഓടിവരുന്നത് കണ്ട് ആളുകൾ ഓടിമാറിയതാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. ചെങ്കൽച്ചൂളയിൽനിന്ന് ഫയർ ആൻഡ് റസ്ക്യൂ സീനിയർ ഓഫിസർ എം. ഷാഫിയുടെ നേതൃത്വത്തിലെത്തിയ ഏഴംഗസംഘം ഏറെ പണിപ്പെട്ട് വലിയ വലവിരിച്ച് പോത്തിനെ കുടുക്കി.

അരമണിക്കൂറോളം പോത്തിന് പിന്നാലെ തലങ്ങും വിലങ്ങും ഫയർഫോഴ്സ് അംഗങ്ങൾ കയറും വലയുമായി പാഞ്ഞു. ഒടുവിൽ മെയിൻ ഗേറ്റിന് മുന്നിലാണ് വലയിൽ കുടുക്കിയത്. മ്യൂസിയം പൊലീസിന്‍റെ പക്കലുള്ള പോത്തിനെ ശനിയാഴ്ച കോർപറേഷന് കൈമാറും.

Tags:    
News Summary - The buffalo run into the museum premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.