തിരുവനന്തപുരം: പൊലീസിനെ നോക്കുകുത്തിയാക്കി നഗരത്തിൽ വീണ്ടും കഞ്ചാവ് മാഫിയയുടെ വിളയാട്ടം. കരിക്കകം എറുമല അപ്പൂപ്പൻ കോവിലിന് സമീപം ടെമ്പിൾ വ്യൂവിൽ രാജേഷിെൻറ വീടാണ് ആറംഗസംഘം ബുധനാഴ്ച അർധരാത്രിയോടെ തകർത്തത്. ആഴ്ചകൾക്ക് മുമ്പ് കരമനയിൽ പൊലീസിനെ പടക്കമെറിഞ്ഞശേഷം രക്ഷപ്പെട്ട ഷാനുവിെൻറ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറും സ്കൂട്ടറും അക്രമിസംഘം തകർത്തു. മൂന്നുവർഷം മുമ്പ് ആനയറയിൽ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികളായ വിഷ്ണു, അനന്തു എന്നിവരും അക്രമിസംഘത്തിലുണ്ടായിരുന്നു.
കടകംപള്ളി വെൽഫയർ കോപറേറ്റീവ് സൊസൈറ്റിയിൽ കളക്ഷൻ ഏജൻറായ രാജേഷിനെ ബുധനാഴ്ച രാത്രി ഏഴരയോടെ വെൺപാലവട്ടത്തുെവച്ച് സംഘം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പേട്ട പൊലീസിൽ പരാതി നൽകി വീട്ടിലെത്തിയതിന് പിന്നാലെയാണ് രണ്ട് ബൈക്കുകളിലായെത്തിയ ആറംഗസംഘം വീടാക്രമിച്ചത്.
ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെയും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി. രാജേഷിെൻറ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. രാജേഷിെൻറ വീടാക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചും പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടും ബി.ജെ.പി കടകംപള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
കാറിലെത്തിയ സംഘം പടക്കമെറിഞ്ഞ് പരിഭ്രാന്തി പരത്തി
വിഴിഞ്ഞം: ഉച്ചക്കടയിലും പരിസരപ്രദേശങ്ങളിലും കാറിലെത്തിയ സംഘം നാട്ടുകാർക്കുനേരെ നാടൻ പടക്കമെറിഞ്ഞത് പരിഭ്രാന്തിയിലാക്കി. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കറുത്ത സ്കോർപിയോ കാറിലെത്തിയ ഒരു സംഘം ആളുകളാണ് വിഴിഞ്ഞം ഉച്ചക്കട - പയറ്റുവിള മേഖലകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആളുകൾക്കിടയിലേക്ക് കാറിലുണ്ടായിരുന്നവർ പടക്കം കത്തിച്ച് എറിയുകയായിരുന്നു. പെട്ടെന്നുള്ള ഉഗ്രശബ്ദം കേട്ട് റോഡിലുണ്ടായിരുന്നവർ ചിതറിയോടി.
ആദ്യം ഉച്ചക്കട ജങ്ഷനിലാണ് സംഘം പടക്കമെറിഞ്ഞതെന്ന് സമീപത്തെ കടക്കാർ പറഞ്ഞു. തുടർന്ന് പയറ്റുവിള ജങ്ഷനിലെത്തി ഇവിടെയും കടയുടെ മുന്നിൽ കാർ നിർത്തിയശേഷം പടക്കം കത്തിച്ചെറിഞ്ഞു. നാട്ടുകാരിൽ ചിലർ 100ൽ വിളിച്ച് സംഭവമറിയിച്ചു. ഇതിനിടയിൽ സംഘം നെല്ലിമൂട് ഭാഗത്തേക്ക് കടന്നുകളഞ്ഞതായി നാട്ടുകാർ പറഞ്ഞു. വിഴിഞ്ഞം എസ്.ഐ സമ്പത്തും സംഘവും കാറിനെയും അതിലുണ്ടായിരുന്ന സംഘത്തെയും കണ്ടെത്താൻ അന്വേഷണമാരംഭിച്ചിട്ടുണ്ട്.പ്രദേശവാസികളായ ചിലരാണ് പടക്കമെറിഞ്ഞ് ആളുകളെ ഭീതിയിലാക്കിയതെന്നാണ് വിഴിഞ്ഞം പൊലീസിെൻറ പ്രാഥമിക നിഗമനം.
ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും നിയന്ത്രണമില്ലാതെ വാഹനമോടിച്ചതിനും വിഴിഞ്ഞം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.