വിതുര: വിനോദ സഞ്ചാരികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ പൊന്മുടി ഇക്കോ ടൂറിസം പ്രവേശന കവാടത്തിൽ വനം വകുപ്പിന്റെ ഇന്റർഗ്രേറ്റഡ് ചെക്പോസ്റ്റ്. പൊന്മുടിയിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ത്രീ-ഡി തീയറ്റർ, കല്ലാറിലെ ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് എന്നിവ വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന അതിർത്തി പങ്കിടുന്ന പ്രദേശത്ത് ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചതോടെ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാകുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ജി സ്റ്റീഫൻ എം.എൽ.എ അധ്യക്ഷതവഹിച്ചു.
പൊന്മുടിയിലേയ്ക്കുള്ള പ്രവേശന കവാടമായ വിതുര- പൊന്മുടി റോഡിൽ കല്ലാർ ഗോൾഡൻവാലി ഭാഗത്താണ് ആധുനിക രീതിയിലുള്ള ചെക്ക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെയെത്തുന്നത്.
ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് തുറന്നത്തോടെ വാഹന പരിശോധന കൂടുതൽ സുഗമമാകും. സഞ്ചാരികൾക്ക് വനവിഭവങ്ങൾ ലഭ്യമാക്കുന്ന ഇക്കോഷോപ്പ്, ഇൻഫർമേഷൻ സെന്റർ, ജീവനക്കാർക്കുള്ള താമസസൗകര്യം, ശുചിമുറികൾ എന്നിവയും കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
പൊന്മുടി ഇക്കോ ടൂറിസത്തിലെത്തുന്ന സഞ്ചാരികൾക്ക് ഇനി ത്രീ-ഡി ദൃശ്യനുഭവവും ആസ്വദിക്കാം. ഒരേ സമയം 40 പേർക്ക് ഇരിക്കാനുള്ള സൗകര്യം ത്രീ-ഡി തിയറ്ററിലുണ്ട്. പൂർണമായും ശീതീകരിച്ച തിയറ്ററിൽ 4കെ പ്രൊജക്ടർ, ഹൈക്വാളിറ്റി സൗണ്ട് സിസ്റ്റം, ആക്റ്റീവ് ത്രീ-ഡി കണ്ണടകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ചു ത്രീ-ഡി പ്രദർശനം സഞ്ചാരികൾക്ക് വേറിട്ട ദൃശ്യനുഭവം പകരും. ഇരുപത് ലക്ഷം രൂപ ചെലവിലാണ് തീയേറ്റർ നിർമ്മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.