തിരുവനന്തപുരം: കുട്ടികളുൾപ്പെടെ സൈക്കിൾ യാത്രക്കാരുടെ സുരക്ഷക്ക് ചട്ടങ്ങൾ നിർമിക്കുകയോ പരിഷ്കരിക്കുയോ ചെയ്യണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറിക്കും ട്രാൻസ്പോർട്ട് കമീഷണർക്കും നിർദേശം നൽകി.
നടപടികൾക്ക് കാലതാമസം വന്നാൽ സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിശദമായ ഉത്തരവുകൾ പുറപ്പെടുവിക്കണം. ഗതാഗത, ആഭ്യന്തരവകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോർട്ട് കമീഷണർ എന്നിവർ ഇതിനു നടപടിസ്വീകരിക്കണമെന്നും ബാലാവകാശ കമീഷൻ അംഗം കെ. നസീർ പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചു.
രാത്രി സൈക്കിൾ യാത്ര നടത്തുന്നവരുടെ സൈക്കിളിൽ റിഫ്ലക്ടറുകൾ, ലൈറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക, ഹെൽമറ്റ്, റിഫ്ലക്ട് ജാക്കറ്റ് എന്നിവ ധരിക്കുക, അമിത വേഗത്തിലെ യാത്രകൾ നിയന്ത്രിക്കുക, സൈക്കിൾ പൂർണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകൾ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയവ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തണം.
ദേശീയ പാതകളിലും മറ്റ് റോഡുകളിലും സൈക്കിൾ യാത്രക്ക് പ്രത്യേക ഭാഗം അടയാളപ്പെടുത്തി ട്രാക്ക് സ്ഥാപിക്കണം.സൈക്കിൾ യാത്രയെക്കുറിച്ചും പാലിക്കേണ്ട സുരക്ഷയെ സംബന്ധിച്ചും വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിന് നടപടിയെടുക്കണം. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ സ്കൂൾ പരിസരങ്ങളിലും സമീപമുള്ള റോഡുകളിലും രാവിലെയും വൈകീട്ടും ഡ്യൂട്ടിക്ക് നിയോഗിക്കണം.
സൈക്കിൾ അപകടങ്ങൾ സംസ്ഥാനത്ത് തുടരുന്നതായും ഇത് ഒഴിവാക്കുന്നതിന് ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ പ്രവർത്തക സുനന്ദ കമീഷന് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.