തിരുവനന്തപുരം: വിഴിഞ്ഞം മേഖലയിൽ സർക്കാർ ഇതുവരെ നടത്തിയ പുനരധിവാസ-ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്ന തുടർപ്രവർത്തനങ്ങളും വിശദീകരിച്ച് മന്ത്രി കെ.എൻ. ബാലഗോപാൽ. അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാർ സംഘടിപ്പിച്ച വിദഗ്ധ സംഗമത്തിലായിരുന്നു പ്രവവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയത്.
കരാർ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എട്ടുകോടി രൂപയുടെ പുനരധിവാസം വേണ്ടിവരുമെന്നാണ് വിലയിരുത്തിയത്. എന്നാൽ, 100 കോടിയുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഇതിനോടകം നടപ്പാക്കി. തുറമുഖം വരുന്നതോടെ അനുബന്ധ മേഖലകളും വികസിക്കും. കേരളത്തിൽ ഇതുവരെ വന്നതിൽ ഏറ്റവും വലിയ പദ്ധതിയാകും വിഴിഞ്ഞമെന്നും മന്ത്രി പറഞ്ഞു.
പുനരധിവാസ-സമാശ്വാസ പ്രവർത്തനങ്ങൾ
- വിഴിഞ്ഞം സൗത്തിൽ 317 ഉം അടിമലത്തുറയിൽ 625 ഉം അടക്കം 942 കരമടി തൊഴിലാളികൾക്ക് 5.6 ലക്ഷം രൂപ വീതം 52.75 കോടി നൽകി.
- 73 ചിപ്പിത്തൊഴിലാളികൾക്ക് 2.5 ലക്ഷം രൂപ വീതം 9.13 കോടി നൽകി.
- 105 കട്ടമരത്തൊഴിലാളികൾക്ക് ശിപാർശ തയാറാക്കി തുക വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചുവരുന്നു. 211 റിസോർട്ട് തൊഴിലാളികൾക്കായി 6.08 കോടിയും നാല് സ്വയംസഹായ സംഘങ്ങളിലെ 33 പേർക്ക് എട്ടുലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകി.
- തുറമുഖ നിർമാണം നടക്കുന്നതിനാൽ മത്സ്യബന്ധന നൗകകൾക്ക് അൽപം കറങ്ങിപ്പോകേണ്ടിവരുന്നുണ്ട്. ഇതുമൂലം ഓരോ നൗകക്കും നാല് ലിറ്റർ മണ്ണെണ്ണ അധികമാവും. അധിക ചെലവ് വഹിക്കുന്നതിന്‍റെ ഭാഗമായി 2383 ബോട്ടുകൾക്കായി വർഷം 27.13 കോടി വീതം സർക്കാർ നൽകുന്നുണ്ട്. മണ്ണെണ്ണ വില കൂടിയ സാഹചര്യത്തിൽ ഈ വർഷം തുക 40 കോടിയാകുമെന്നാണ് കണക്ക്.
- തുറമുഖ നിർമാണത്തെ തുടർന്ന് വിഴിഞ്ഞം ഹാർബറിൽ തിരയടി കൂടിയെന്നും നൗകകൾ തകരുന്നെന്നുമുള്ള പരാതിയെ തുടർന്ന് നിർമാണ കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് എല്ലാ ബോട്ടുകളും ഇൻഷ്വർ ചെയ്തു.
- പുലിമുട്ടിനെ തുടർന്ന് ഹാർബറിൽ വലിയ തിരയിളക്കമുണ്ടാകുന്നെന്നും ബോട്ടുകൾ അപകടത്തിൽപെടുന്നെന്നും ചൂണ്ടിക്കാട്ടിയതിനെതുടർന്ന് പഴയ വിഴിഞ്ഞം തുറമുഖത്തിന്‍റെ പുലിമുട്ടിൽ 170 മീറ്റർ നീളമുള്ള നിർമിതി പൂർത്തിയാക്കി പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചു.
- ഹാർബർ കവാടത്തിൽ മണ്ണടിഞ്ഞ് ബോട്ടുകൾ അപകടത്തിൽപെടുന്നെന്ന പരാതി പരിഹിക്കാൻ എല്ലാ വർഷവും ഹൈഡ്രോഗ്രാഫിക് സർവേ പൂർത്തിയാക്കി ട്രഡ്ജിങ് നടത്താൻ തീരുമാനിച്ചു. പുതിയ പഠനത്തിൽ മണ്ണടിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
- വിഴിഞ്ഞം ആരോഗ്യ സെന്‍ററിനെ ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യമുയർന്നിരുന്നു. 10 കോടി രൂപ ചെലവഴിച്ച് 100 കിടക്കകളുള്ള താലൂക്കാശുപത്രിയായി സെന്‍ററിനെ ഉയർത്തി.
- വാണിജ്യ തുറമുഖം യഥാർഥ്യമാകുമ്പോൾ അവിടെയുള്ള തൊഴിലുകളിൽ നിശ്ചിത ശതമാനം സ്വദേശികൾക്ക് നൽകുന്നതുസംബന്ധിച്ച് ചർച്ചയുണ്ട്. ഇതിന് തൊഴിൽ പരിശീലനം കിട്ടണം. ഇതിനായി 48 കോടി രൂപ മുടക്കി അസാപ് പരിശീലനം കേന്ദ്രം യാഥാർഥ്യമാക്കും.
- തുറമുഖം വന്നതോടെ കളിസ്ഥലം നഷ്ടപ്പെട്ടിരുന്നു. ഹാർബർ എൻജിനീയറിങ് വകുപ്പിന്‍റെ രണ്ട് ഏക്കർ ഭൂമിയിൽ പകരം കളിസ്ഥലം യാഥാർഥ്യമാക്കും. കുടിവെള്ള പ്രശ്നം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ 1.72 കോടി മുടക്കി 1000 വീടുകൾക്ക് പ്രത്യേക കുടിവെള്ള കണക്ഷൻ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.