തിരുവനന്തപുരം: പുതുതായി നിർമിക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എ.കെ.ജി സെന്‍ററിന് സമീപം ഗ്യാസ് ഹൗസ് ജങ്ഷനിൽ പുതുതായി വാങ്ങിയ സ്ഥലത്താണ് മന്ദിരം പണിയുന്നത്. 5380 സ്ക്വയർ മീറ്റർ (57909 സ്ക്വയർഫീറ്റ്) വിസ്തീർണത്തിലാണ് നിർമാണം. രണ്ട് ബേസ്മെന്‍റ് ഫ്ലോറുകൾക്ക് പുറെമ ഒമ്പത് നിലകളാണ് കെട്ടിടത്തിനുള്ളത്. ഇതിൽ ആറ് നിലകളിലെ നിർമാണത്തിനാണ് നിലവിൽ അനുമതി കിട്ടിയത്. ശേഷിക്കുന്ന മൂന്ന് നിലകൾക്ക് വിമാനത്താവള എയർപോർട്ട് അതോറിറ്റിയുടെ അനുമതി കിട്ടാനുണ്ട്.
പൂർണമായും ഹരിത കെട്ടിടം എന്ന ആശയം മുൻനിർത്താണ് മന്ദിരത്തിന്‍റെ രൂപകൽപന. അറുപതിലേറെ കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. വൈദ്യുതി സ്വയംപര്യാപ്തതക്കായി സോളാർ പാനലുകൾ വിന്യസിക്കും. പുതിയ കാലത്തിന്‍റെ വിവര സങ്കേതിക സൗകര്യങ്ങളും ആധുനിക സങ്കേതങ്ങളുടെ സാധ്യതകളുമെല്ലാം പുതിയ ആസ്ഥാന മന്ദിരത്തിലുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഒന്നര-രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫിസ് പുതിയ മന്ദിരത്തിലേക്ക് മാറുന്നതോടെ എ.കെ.ജി സെന്‍റർ പ്രഖ്യാപിത പഠന-ഗവേഷണ കേന്ദ്രമായി കൂടുതൽ വിപുലമാക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു. പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവും ധന്യമായ മുഹൂർത്തമാണിതെന്ന് ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. േപാളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള കെട്ടിടത്തിന്‍റെ രൂപരേഖ പ്രകാശനം ചെയ്തു. പൈലിങ് ജോലിയുടെ ഉദ്ഘാടനം േപാളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നിർവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ, എ.കെ. ബാലൻ, കെ.കെ. ശൈലജ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന്‍റെ യോജിപ്പ് ഇല്ലാതാക്കാൻ ശ്രമം –മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്‍റെ യോജിപ്പ് ഇല്ലാതാക്കാനും ആളുകളെ വ്യത്യസ്ത അറകളിലാക്കി മാറ്റാനും വർഗീയശക്തികൾ വലിയതോതിൽ ശ്രമം നടത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ മുൻപന്തിയിൽ ഭൂരിപക്ഷ വർഗീയതയാണെങ്കിൽ 'ഞങ്ങളും ഒട്ടും പിറകിലല്ല' എന്ന മട്ടിൽ ന്യൂനപക്ഷ വർഗീയതയും അവരുടേതായ പങ്ക് നിർവഹിക്കുകയാണ്. പുതുതായി നിർമിക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടെങ്കിലും അവക്കൊന്നും കേരളത്തിന്‍റെ ഒരുമയെ തകർക്കാനായിട്ടില്ല. വലിയ തോതിൽ ഇടത് ആഭിമുഖ്യം പുലർത്തുന്ന സംസ്ഥാനമാണ് കേരളം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാടും പൊതുബോധവും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ, പഴയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.