തിരുവനന്തപുരം: കനകക്കുന്നിൽ സന്ദർശകരുടെ എണ്ണം കൂടിയതോടെ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കുന്നുകൂടുന്നു. മ്യൂസിയം കഴിഞ്ഞാൽ ആളുകൾ കൂട്ടത്തോടെ എത്തുന്ന നഗരത്തിലെ പ്രധാന വിശ്രമകേന്ദ്രമാണ് കനകക്കുന്ന്. നേരത്തേ മ്യൂസിയം വളപ്പ് ഇതുപോലെ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം നിറഞ്ഞ സംഭവമുണ്ടായിരുന്നു. ഇതോടെ സന്ദർശകർക്ക് കർശന നിർദേശം നൽകുകയും പ്ലാസ്റ്റിക്കുമായുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല, മിക്കയിടങ്ങളിലും വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചു.
എന്നാൽ, കനകക്കുന്നിൽ ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. റോഡിലൂടെ വരുന്നവരും പോകുന്നവരും ഇവിടെ കയറി ഭക്ഷണം കഴിക്കുന്നതും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും പതിവാണ്. കനകക്കുന്നിന്റെ ചരിവുകളെല്ലാം ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.
ഓണത്തിന് മുമ്പ് ഇത്രയും മാലിന്യം ഇവിടെയില്ലായിരുന്നു. പൊതുപരിപാടികളും സാംസ്കാരിക സായാഹ്നങ്ങളും നിശാഗന്ധിയിൽ അരങ്ങേറുന്ന ദിവസങ്ങളിലാണെങ്കിൽ ഫുഡ് കോർട്ടുകൾക്ക് സമീപം മാലിന്യം ദിവസങ്ങളോളം കുന്നുകൂടി കിടക്കുന്നത് കാണാം. പിന്നീടാണ് ഇവ നീക്കംചെയ്യുന്നത്.
നൈറ്റ് ലൈഫ് ടൂറിസത്തിന്റെ ആസൂത്രണം തുടങ്ങിയശേഷം രാത്രികാലങ്ങളിൽ ഇവിടെ എത്തുന്നവരും ഭക്ഷണം കഴിച്ചശേഷം മാലിന്യം വലിച്ചെറിയുന്നു. എത്രയും വേഗം പരിഹാര നടപടികൾ തുടങ്ങിയില്ലെങ്കിൽ ഈ പച്ചത്തുരുത്ത് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുമെന്ന് പരിസരവാസികൾ പറയുന്നു.
മാലിന്യം വലിച്ചെറിയുന്നത് നിരീക്ഷിക്കാൻ സംവിധാനങ്ങൾ ഉണ്ടാകണമെന്നും ഡെസ്റ്റ് ബിന്നുകൾ ആവശ്യമായ ഇടങ്ങളിലെല്ലാം സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.