തിരുവനന്തപുരം: നഗരത്തിലെ തുണിക്കടകളിൽ നടന്ന മോഷണങ്ങളിൽ ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. ഞായറാഴ്ച്ച പുലർച്ചയാണ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപത്തെ നോവൽറ്റി, സൂറത്ത് ടെക്സ്റ്റയിൽസുകളിൽനിന്ന് 2.9 ലക്ഷം രൂപയും തുണികളും രണ്ടംഗസംഘം മോഷ്ടിച്ചത്. രാവിലെ കടതുറന്ന ജീവനക്കാരാണ് രണ്ടു കടകളുടെയും മേശ തകർത്ത നിലയിൽ കണ്ടെത്തിയത്. നോവൽറ്റിയിൽനിന്ന് 40,000 രൂപയും സൂറത്തിൽനിന്ന് 2.5 ലക്ഷവും നഷ്ടപ്പെട്ടതായാണ് ഉടമകൾ പറയുന്നത്.
അടുത്തടുത്ത തുണിക്കടകളായിരുന്നു നോവൽറ്റിയും സൂറത്തും. രണ്ട് കടയുടെയും ഇടയിൽകൂടിയുള്ള വിടവിലൂടെ മോഷണ സംഘം ടെറസിന് മുകളിലെത്തി. ഇവിടെനിന്ന് താഴേയ്ക്ക് വരുന്ന കമ്പി കൊണ്ട് നിർമിച്ച വാതിലിന്റെ അടിവശം വളച്ച് അകത്തുകടക്കുകയായിരുന്നു. മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പുലർച്ച ഒന്നോടെ കടയുടെ മൂന്നാംനിലയിൽ കടന്ന ഇരുവരും പുലർച്ച അഞ്ചോടെയാണ് മോഷണം നടത്തി മടങ്ങിയത്. മോഷണമുതലുമായി കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തമ്പാനൂർ ബസ്സ്റ്റാൻഡ് പരിസരങ്ങളിലും റെയിൽവേസ്റ്റേഷൻ പരിസരങ്ങളിലുമുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.