തിരുവനന്തപുരം: പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയത് 24,500 ഓളം കുട്ടികള്‍. കൃത്യമായ കണക്ക് അടുത്ത ദിവസങ്ങളില്‍ മാത്രമേ ലഭ്യമാകുകയുള്ളൂവെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സന്തോഷ് കുമാര്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം 21,411 വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. ആ സ്ഥാനത്ത് 25,000 വിദ്യാര്‍ഥികളെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വര്‍ധന. രണ്ടുമുതല്‍ 10 വരെ ക്ലാസുകളിലും കുട്ടികള്‍ പുതുതായി പ്രവേശനം നേടിയിട്ടുണ്ട്. കോവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട് വിദ്യാലയങ്ങള്‍ സജീവമാകുമ്പോള്‍ കഴിഞ്ഞ അധ്യയനവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷവും കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഹയര്‍ സെക്കൻഡറി വിഭാഗം ഒഴികെ 2,98,000 കുട്ടികളാണ് നിലവില്‍ ജില്ലയിലുള്ളത്. ഈ വര്‍ഷം മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളിലേക്ക് എത്തും. മറ്റു സിലബസുകളില്‍നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മിക്ക സ്‌കൂളുകളിലും അധിക ഡിവിഷന്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ലയിലെ 997 സ്‌കൂളുകളും ഹരിതചട്ടം പാലിച്ച് പ്രവേശനോത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം രാവിലെ 9.30ന് കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനതല പ്രവേശനോത്സവ ഭാഗമായി കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി പ്രവേശനം നേടിയ പ്രീപ്രൈമറി, ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്യും. ഉപജില്ലതലത്തിലും പഞ്ചായത്തുതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്.
'സമ്പൂര്‍ണ' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പ്രവേശന നടപടികള്‍. കുട്ടികളുടെ ആധാര്‍ കാര്‍ഡിലെ ബയോമെട്രിക് വിവരങ്ങളടക്കം ഉള്‍പ്പെടുത്തിയാണ് ഇത്തവണ പ്രവേശനം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.